
ഫിലാഡല്‍ഫിയ: യുഎസില്‍ വീണ്ടും വിമാനം അപകടത്തില്‍പ്പെട്ടു. 2 പേരുമായി പറക്കുകയായിരുന്ന ചെറിയ വിമാനമാണു വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ ഷോപ്പിങ് സെന്ററിനു സമീപം തകര്‍ന്നുവീണത്. ആളപായത്തെപ്പറ്റി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍നിന്നു മിസോറിയിലെ സ്പ്രിങ്ഫീല്‍ഡ്-ബ്രാന്‍സനിലേക്കു പോകുകയായിരുന്ന ലിയര്‍ജെറ്റ് 55 വിമാനമാണു പ്രാദേശിക സമയം വൈകിട്ട് ആറരയോടെ തകര്‍ന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. ഫിലാഡല്‍ഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷാപ്രിയോ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. വലിയ അപകടം നടന്നതായി സ്ഥിരീകരിച്ച ഫിലാഡല്‍ഫിയ ഓഫിസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ്, റൂസ്വെല്‍റ്റ് മാള്‍ പരിസരത്തെ റോഡുകള്‍ അടച്ചതായും ഇതുവഴി യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

ബുധനാഴ്ച വാഷിങ്ടനിലെ റൊണാള്‍ഡ് റെയ്ഗന്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ യാത്രാവിമാനം ആകാശത്തു ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് കത്തി പൊട്ടോമാക് നദിയില്‍ പതിച്ചിരുന്നു. വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലികോപ്റ്ററിലെ 3 സൈനികരും മരിച്ചു. പൊട്ടോമാക് നദിയില്‍ മുങ്ങിയ വിമാനവും ഹെലികോപ്റ്ററും പൊക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷകര്‍. പകുതിയിലേറെ മൃതദേഹങ്ങള്‍ നദിയില്‍നിന്നു കണ്ടെടുത്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തിരുന്നു.