CrimeNEWS

കിണറ്റിലിട്ടത് ഉള്‍വിളിവന്ന്, കുട്ടിയെ കൊന്ന ദിവസം മുറിക്ക് തീയിട്ടു; അച്ഛന്റെ മരണത്തിലും ദുരൂഹത

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിക്കാനാകാതെ കുഴങ്ങി പോലീസ്. പ്രതിയായ ഹരികുമാര്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഉള്‍വിളി ഉണ്ടായെന്നും അപ്പോള്‍ കുട്ടിയെ കിണറ്റിലേക്കിടുകയാണ് ചെയ്തതെന്നാണ് ഹരികുമാര്‍ പറയുന്നത്. ഒരു മൊഴി നല്‍കി മിനിറ്റുകള്‍ക്കകം അത് മാറ്റി പറയുകയും ചെയ്യും. ഇത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടാതെ കുട്ടിയുടെ അമ്മയും ഹരികുമാറിന്റെ സഹോദരിയുമായ ശ്രീതുവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. ഒരാഴ്ച മുമ്പ് മരണപ്പെട്ട ഹരികുമാറിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്.

Signature-ad

പ്രദേശവാസികളുമായി അടുപ്പംകാണിച്ചിട്ടില്ലാത്ത കുടുംബം മൂന്നുവര്‍ഷം മുന്‍പാണ് മിഠാനുക്കോണത്തുള്ള കുടുംബവീട്ടില്‍നിന്ന് കോട്ടുകാല്‍ക്കോണം മുത്താരമ്മന്‍ കോവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലുള്ള വീട്ടില്‍ വാടകയ്ക്ക് എത്തിയത്. ദേവേന്ദുവിന്റെ അമ്മ ശ്രീതു, മൂത്തമകള്‍ പൂര്‍ണേന്ദു, അമ്മ ശ്രീകല, അച്ഛന്‍ ഉദയന്‍, അറസ്റ്റിലായ ഹരികുമാര്‍ എന്നിവരായിരുന്നു വീട്ടിലെ താമസക്കാര്‍. ഹരികുമാറിനു പൂജയ്ക്കുപോകുന്ന ജോലിയാണെന്നാണ് നാട്ടുകാരോടു പറഞ്ഞിരുന്നത്. ഇയാള്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്തിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.

കടംവാങ്ങിയ പണം തിരിച്ചുനല്‍കുന്നില്ലെന്നുപറഞ്ഞ് ഇവരുടെ വീട്ടില്‍ പലപ്പോഴും ആളുകളെത്തിയിരുന്നു. മകള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ താത്കാലികജോലിയുണ്ടെന്നാണ് ശ്രീകല നാട്ടുകാരോടു പറഞ്ഞിരുന്നത്. ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത് വല്ലപ്പോഴും മാത്രമാണ് കോട്ടുകാല്‍ക്കോണത്തെ വീട്ടിലെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ദേവേന്ദു കൊല്ലപ്പെട്ട ദിവസം ഹരികുമാറിന്റെ മുറിയില്‍ തീപിടിത്തമുണ്ടായിരുന്നു. വസ്ത്രങ്ങള്‍ കത്തിയതിന്റെയും മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ഇതുവരെ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.

കേസില്‍ കസ്റ്റഡിയിലെടുത്ത ശംഖുംമുഖം ദേവീദാസന്‍ എന്നറിയപ്പെടുന്ന കരിക്കകം മൂകാംബികമഠം ജ്യോത്സ്യന്‍ എസ്.പ്രദീപ് കുമാറിനെ പ്രദേശത്തു കണ്ടതായും ചിലര്‍ പറയുന്നു. ഇത് സ്ഥിരീകരിക്കാന്‍ പോലീസിനായിട്ടില്ല. ദേവീദാസന്‍ 30 ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്ന് ശ്രീതു അടുത്തിടെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇത്രയുംപണം എവിടെനിന്നുകിട്ടി എന്ന കാര്യത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നു.

പലപ്പോഴും ശ്രീതു വീട്ടില്‍ കാറിലെത്താറുണ്ടായിരുന്നെങ്കിലും കാര്‍ വീടിനടുത്തൊന്നും നിര്‍ത്തിയിട്ടിരുന്നില്ല. കാര്‍ വായ്പയെടുത്തതിന്റെ അടവുമുടങ്ങിയതുകാരണം ചിലര്‍ തിരക്കിയെത്തിയപ്പോഴാണ് ശ്രീതുവിനു സ്വന്തമായി കാര്‍ ഉണ്ടെന്ന വിവരവും നാട്ടുകാരറിയുന്നത്.

എന്നാല്‍ പോലീസ് ഇപ്പോള്‍ മാനസികവെല്ലുവിളിയെന്നു പറയുന്ന ഹരികുമാറിന് ഒരു മാനസികപ്രശ്‌നവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആരോടും അധികം അടുപ്പംകാണിക്കാത്ത ആളാണ് ഹരികുമാറെന്നും പരിസരവാസികള്‍ പറഞ്ഞു.

കേസില്‍ കരിക്കകം സ്വദേശി ശംഖുംമുഖം ദേവീദാസന്‍ എന്നപേരില്‍ അറിയപ്പെടുന്ന ജ്യോത്സ്യന്‍ ആര്‍.പ്രദീപ് കുമാറിന്റെ പങ്ക് സംബന്ധിച്ചും ആരോപണങ്ങളെല്ലാം നിഷേധിച്ചു. തനിക്കെതിരേയുള്ളത് കള്ളപ്പരാതിയും തെറ്റായ ആരോപണങ്ങളുമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. രാത്രി ഒന്‍പതുമണിയോടെയാണ് പ്രദീപ് കുമാറിനെ വിട്ടയച്ചത്.

ദേവേന്ദുവിന്റെ അമ്മ ശ്രീതു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദീപ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 36 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറാണ് ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

അന്ധവിശ്വാസവും കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ജ്യോത്സ്യനെ പോലീസ് ചോദ്യംചെയ്തത്. പണം തട്ടിയെടുത്തുവെന്ന പരാതിയും കൊലപാതകത്തിനു കാരണമാകുംവിധം ജ്യോതിഷപ്രവചനം നടത്തിയെന്ന ആരോപണവും പ്രദീപ് കുമാര്‍ പോലീസിനോടും നിഷേധിച്ചു.

ഹരികുമാറിനെയും ദേവീദാസനെയും ഒരുമിച്ചിരുത്തിയും വെവ്വേറെയും പോലീസ് ചോദ്യംചെയ്തിരുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ രണ്ടുപേരും പറയുന്നതിലേറെയുമെന്ന് പോലീസ് പറഞ്ഞു. ശ്രീതുവിനെ കണ്ടിട്ടുണ്ടാകാമെന്നും ഓര്‍ക്കുന്നില്ലെന്നുമാണ് ദേവീദാസന്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍, ശ്രീതുവിന്റെ വീട്ടില്‍ ഇദ്ദേഹം പൂജ നടത്തിയിട്ടുണ്ടെന്ന് വീട്ടുകാര്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ പോലീസിനു ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യവും ദേവീദാസന്‍ സമ്മതിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം ഇക്കാര്യം നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: