![](https://newsthen.com/wp-content/uploads/2022/06/kerala-university-e1664877169842.jpg)
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരത്തില്‍ നിലപാട് കടുപ്പിച്ച് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. ചാന്‍സലര്‍ ആയ ഗവര്‍ണറെ വിസി നേരില്‍കണ്ട് പരാതി അറിയിച്ചു. അനാവശ്യ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് വിസിക്ക് ചാന്‍സലര്‍ ഉറപ്പ് നല്‍കി. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ അടുത്ത ആഴ്ച നടത്താനിരുന്ന സെനറ്റ് യോഗവും റദ്ദാക്കി. തനിക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ യോഗത്തിന് തിയതി ക്രമീകരിക്കാന്‍ വിസിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് വൈസ് ചാന്‍സലര്‍ക്കെതിരെ എസ്എഫ്‌ഐ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. പിന്നാലെ പന്തല്‍ പൊളിച്ചു മാറ്റാന്‍ വിസി നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് പോലീസും കൈമലര്‍ത്തി. ഇത് വിസിയെ ചൊടിപ്പിച്ചു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
കഴിഞ്ഞ ദിവസം ചേരാനിരുന്ന സിന്‍ഡിക്കേറ്റ് യോഗം അവസാന നിമിഷം മാറ്റിവച്ചത് വിസിയുടെ ഈ അതൃപ്തി മൂലമാണ്. ഇതിനിടെയാണ് വൈസ് ചാന്‍സലറുടെ അടുത്ത നീക്കം. ചാന്‍സലറായ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ രാജഭവനില്‍ എത്തി നേരില്‍ കണ്ട വിസി കാര്യകാരണസഹിതം വിഷയം വിവരിച്ചു. ചരിത്രത്തില്‍ ആദ്യമായി ക്യാമ്പസിന് ഉള്ളില്‍ ഉയര്‍ന്ന സമരപ്പന്തല്‍ സര്‍വകലാശാലയുടെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് വിസി അറിയിച്ചു.
ഇത്തരം പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ചാന്‍സലര്‍ വിസിക്ക് പിന്തുണയും ഉറപ്പ് നല്‍കി. അതിന്റെ ആദ്യപടി എന്നോണം ചാന്‍സിലറുടെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി നാലിന് നടത്താന്‍ ഇരുന്ന സെനറ്റ് യോഗം മാറ്റിവച്ചു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ പ്രകാരമാണ് സെനറ്റ് നടക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗം നടക്കാതിരുന്നതിനാല്‍ സെനറ്റ് റദ്ദാക്കി എന്നാണ് വി സി യുടെ വിശദീകരണം. ഇനി ചേരുന്ന സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ നേരില്‍ പങ്കെടുക്കുമെന്നും വിസിയെ അറിയിച്ചു. തനിക്ക് കൂടി പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ തീയതി ക്രമീകരിക്കാനും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.