CrimeNEWS

ഹോട്ടല്‍മുറി മണിയറയായി; വീട്ടിലും പള്ളിയിലും താലികെട്ട്, എല്ലാത്തിനും തുടക്കം ആ ബസ് യാത്ര

തിരുവനന്തപുരം: മൂന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമ വാദത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ വിധിച്ചത്. കാമുകനായിരുന്ന ഷാരോണ്‍ രാജിന് കളനാശിനി നല്‍കിയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കാന്‍ ഷാരോണ്‍ ഒരു തടസ്സമാണെന്ന് മനസ്സിലാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. 2022 ഒക്ടോബര്‍ മാസം 14ാം തീയതിയാണ് ഷാരോണിന് വിഷം നല്‍കിയത്. ലൈംഗിക ബന്ധം നടത്താനെന്ന വ്യാജേന വീട്ടിലേക്ക് പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം നടത്തിയത്.

കൃത്യം 11ാം ദിവസം ഒക്ടോബര്‍ 25നാണ് ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ഷാരോണ്‍ മരിച്ചത്. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ ആയിരുന്നു മരണം സംഭവിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

Signature-ad

2021 ഒക്ടോബറിലാണ് ഇരുവരും ആദ്യമായി പരസ്പരം കാണുന്നത്. കോളേജിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വച്ചായിരുന്നു ഷാരോണും ഗ്രീഷ്മയും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതുമെന്നും കേസിന്റെ കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. മാസങ്ങള്‍ക്ക് ശേഷം 2022 മാര്‍ച്ചില്‍ പട്ടാളത്തില്‍ ജോലിയുള്ള ഒരു യുവാവുമായി ഗ്രീഷ്മയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ആദ്യ ഭര്‍ത്താവ് മരണപ്പെടുമെന്ന് ജ്യോത്സ്യന്റെ പ്രവചനവും ഉണ്ടായിരുന്നു.

പട്ടാളക്കാരനുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഗ്രീഷ്മയെ ഷാരോണ്‍ താലികെട്ടിയത്. പാറശാലയിലുള്ള ഷാരോണിന്റെ വീട്ടില്‍വച്ചും പിന്നീട് തിരുവനന്തപുരം വെട്ടുകാട് പള്ളി മുറ്റത്തുവച്ചും താലി കെട്ടി. ഇതിന് ശേഷം തമിഴ്നാട് ത്രിപ്പരപ്പിലുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരും മുറിയെടുക്കുകയും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നും കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്.

പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ഷാരോണുമായുള്ളബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. 2022 ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു.

പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ ഗ്രീഷ്മ തന്നെ ചതിച്ചുവെന്ന സംശയമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും ഗ്രീഷ്മ ശിക്ഷിക്കപ്പെടണമെന്ന് ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് പുറത്തുവന്ന ചില ചാറ്റുകളില്‍ നിന്ന് മനസ്സിലാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: