ന്യൂഡല്‍ഹി: കുറ്റവാളികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്ന പുതിയ പോര്‍ട്ടലുമായി സിബിഐ. ഇന്റര്‍പോള്‍ മാതൃകയില്‍ ഭാരത്പോള്‍ എന്ന പേരിലാണ് പുതിയ പോര്‍ട്ടല്‍. സിബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പുതിയ പോര്‍ട്ടലിലേക്ക് പ്രവേശിക്കാനാവുക. പുതിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍വഹിക്കും.
കുറ്റവാളികളെ പിടികൂടുന്നതില്‍ അന്താരാഷ്ട്ര സഹായത്തിനായി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പൊലീസിനും കേന്ദ്ര ഏജന്‍സികള്‍ക്കും അവരുടെ അഭ്യര്‍ഥനകള്‍ അയയ്ക്കാനും വിവരങ്ങള്‍ പങ്കിടുന്നത് ഏകോപിപ്പിക്കാനും സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് ഭാരത്പോള്‍. അന്വേഷണ ഏജന്‍സികള്‍ക്ക് പ്രതികളെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ പെട്ടെന്ന് ലഭ്യമാകാന്‍ ഭാരത്പോള്‍ സഹായിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്താരാഷ്ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പുതിയ പോര്‍ട്ടല്‍ സഹായകരമാകും. ഇന്റര്‍പോളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഫീല്‍ഡ്-ലെവല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് അവസരമൊരുക്കുന്നതാണ് പോര്‍ട്ടല്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി അടിയന്തര അന്താരാഷ്ട്ര സഹായം ആവശ്യമുള്ള കുറ്റകൃത്യങ്ങളില്‍ അന്വേഷണം വേഗത്തിലാക്കാനാണ് പുതിയ പോര്‍ട്ടല്‍ വഴി ഉദ്ദേശിക്കുന്നത്.