KeralaNEWS

ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിരീക്ഷണത്തില്‍; മോശം കമന്റ് ഇടുന്നവര്‍ക്ക് ഉടന്‍ പിടിവീഴും, വ്യാജ ഐഡികളാണെങ്കിലും രക്ഷയില്ല

കൊച്ചി : സൈബര്‍ ആക്രമണ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നല്‍കിയത്. ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനാണ് തീരുമാനം. കൂടുതല്‍ അറസ്റ്റുകളും ഉണ്ടാകും.

നടിയുടെ പരാതിയില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട എറണാകുളം കുമ്പളം സ്വദേശിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.

Signature-ad

നടിയുടെ പോസ്റ്റിന് താഴെ പുതിയ അധിക്ഷേപ കമന്റ് കണ്ടെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി ഹണി റോസ് രംഗത്തെത്തി. ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ലെന്ന് നടി ഹണി റോസ് അവകാശപ്പെട്ടു. തന്റെ വസ്ത്ര ധാരണത്തെക്കുറിച്ചോ, തന്നെക്കുറിച്ചോ ക്രിയാത്മകമായോ, സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധം ഇല്ല. തന്റെ നേരെ അശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് താന്‍ രംഗത്തെത്തുമെന്ന് ഹണി റോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ താന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ തന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് തന്റെ ജോലിയുടെ ഭാഗമാണ്. ഒരിക്കല്‍ കൂടി പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷാ പണ്ഡിതമാന്യന്‍മാരേ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണിറോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു’- ഹണി റോസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

Back to top button
error: