യുവ നടന്‍മാരുടെ കാര്യം അതിലും മോശമാണ്, ചിലര്‍ക്ക് നീരസവുമുണ്ട്! തുറന്നടിച്ച് പാര്‍വതി തിരുവോത്ത്
അഭിപ്രായങ്ങള്‍ തുറന്ന് പറയേണ്ടി വന്നതിന്റെ പേരില്‍ കരിയറില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശക്തമായി മുന്നോട്ട് പോകാന്‍ നടി പാര്‍വതി തിരുവോത്തിന് കഴിഞ്ഞിട്ടുണ്ട്. ഡബ്ല്യുസിസിയുടെ രൂപീകരണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങി മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ സംഭവങ്ങളിലെല്ലാം പാര്‍വതി മുന്നിലുണ്ടായിരുന്നു. എന്നും തന്റേതായ തീരുമാനങ്ങളില്‍ ഉറച്ച് നിന്ന പാര്‍വതിക്ക് സിനിമാ ലോകത്ത് ശത്രുക്കളുമുണ്ട്. കടുത്ത സൈബര്‍ ആക്രമണം ഒന്നിലേറെ തവണ നടിക്ക് നേരിടേണ്ടി വന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ പാര്‍വതിക്ക് സാധിക്കുന്നു.
മലയാള സിനിമാ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. സൂപ്പര്‍സ്റ്റാറുകള്‍ക്ക് നേരെ ജനങ്ങളുടെ ചോദ്യങ്ങള്‍ വരാന്‍ പോലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ അമ്മ സംഘടന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവെക്കുക പോലുമുണ്ടായി.
മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന പല സംഭവങ്ങളുണ്ടായിട്ടും മലയാളത്തിലെ യുവ താരങ്ങളില്‍ പലരും മൗനത്തിലാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ പാര്‍വതി തിരുവോത്ത്. യുവ താരങ്ങളുടെ മനോഭാവം തന്നെ അലട്ടുന്നുണ്ടെന്ന് പാര്‍വതി പറയുന്നു. വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എഴുത്തുകാരി അരുദ്ധതി റോയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു പാര്‍വതി.
ഞങ്ങളുടെ ആദ്യരാത്രി വെള്ളത്തിലായി പോയി, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതലൊരു തീരുമാനമുണ്ടെന്ന് സിജോഞങ്ങളുടെ ആദ്യരാത്രി വെള്ളത്തിലായി പോയി, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതലൊരു തീരുമാനമുണ്ടെന്ന് സിജോ
നിലവില്‍ മലയാള സിനിമാ രംഗത്തുള്ള പ്രശ്‌നങ്ങളില്‍ യുവ നടന്‍മാരുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് അരുദ്ധതി റോയ് ചോദിച്ചു. ഇതിന് മറുപടി നല്‍കുകയായിരുന്നു പാര്‍വതി. പുതുതലമുറയിലെ നടന്‍മാര്‍ പഴയ തലമുറയിലേത് പോലെയല്ല. കുറച്ച് കൂടെ മോശമാണ്. പഴയ തലമുറ പാട്രിയാര്‍ക്കിയില്‍ കുറേക്കൂടി കമ്മിറ്റഡ് ആയിരുന്നു.
പുതുതലമുറയുടെ മടിയാണ് എന്നെ അലട്ടുന്നത്. അവര്‍ക്ക് എന്താണ് നടക്കുന്നതെന്ന് കാണാം. ഇന്‍ഡ്‌സട്രിയില്‍ ചില ആളുകള്‍ക്ക് നീരസവുമുണ്ട്. കാരണം മുന്‍ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകള്‍ അവര്‍ക്ക് ലഭിക്കുന്നില്ലെന്നും പാര്‍വതി തിരുവോത്ത് തുറന്ന് പറഞ്ഞു.
ഇത്തരം മൂവ്‌മെന്റുകള്‍ നടക്കുമ്പോഴും വലിയ ബഡ്ജറ്റില്‍ പുരുഷാകാശ ആക്ടിവിസമെന്ന് പറഞ്ഞ് സിനിമകള്‍ ഉണ്ടാക്കുന്നുണ്ട്. ആല്‍ഫ മെയിലും സ്ത്രീകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളുമൊക്കെയുള്ള പഴയകാലം തിരിച്ച് കൊണ്ട് വരുമെന്നാണ് അവര്‍ പറയുന്നത്. അടുത്തിടെ അത് പോലെയൊരു സിനിമ കണ്ടെന്നും പാര്‍വതി പറയുന്നു. ഇവര്‍ക്കൊപ്പം പിന്നെയും വര്‍ക്ക് ചെയ്യേണ്ടി വരുമെന്ന ചിന്ത ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും നടി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അമ്മ സംഘടനയ്‌ക്കെതിരെയും പാര്‍വതി വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയുണ്ടായി. അമ്മ എന്ന് സംഘടനയെ വിളിക്കേണ്ടെതില്ലെന്ന് പാര്‍വതി പറഞ്ഞു. എഎംഎംഎയാണ്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്, അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കുടുംബമല്ലെന്നും പാര്‍വതി പറഞ്ഞു. പഞ്ചായത്തില്‍ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ്. ഒരു ഘട്ടം കഴിഞ്ഞ് പ്രഹസനമാണെന്ന് മനസിലാക്കി കഴിയുമ്പോള്‍ സംഘടനയില്‍ നിന്നും ഇറങ്ങാന്‍ തോന്നും. അതാണ് താന്‍ ചെയ്തതെന്നും പാര്‍വതി വ്യക്തമാക്കി.