KeralaNEWS

കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം: ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചു? വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതായി പൊലീസ്

കണ്ണൂര്‍: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അപകടസമയം ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി സംശയം. അപകടസമയത്ത് ബസ് ഡ്രൈവര്‍ നിസാമുദ്ദീന്‍ ഫോണില്‍ വാട്സാപ്പ് ഉപയോഗിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. കണ്ണൂര്‍ വളക്കൈയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു.

Signature-ad

നിസാമുദ്ദീന്‍ വാട്സാപ്പ് ഉപയോഗിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു. ഇന്നലെ വൈകിട്ട് 4.03ന് വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഇതേസമയത്ത് തന്നെയാണ് അപകടം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ താന്‍ വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് നിസാമുദ്ദീന്‍ പറയുന്നത്. നേരത്തെ ഇട്ട സ്റ്റാറ്റസ് അപ്ലോഡാകാന്‍ വൈകിയതാകാമെന്നും ഇയാള്‍ പറഞ്ഞു. അമിതവേഗത്തിലല്ല വാഹനമോടിച്ചത്. വളവ് എത്തുന്നതിന് മുന്‍പുതന്നെ ബസിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. പിന്നീടൊന്നും ചെയ്യാനായില്ല. അപകടത്തില്‍പ്പെട്ട ബസിന് ഫിറ്റ്നെസ് ഇല്ലായിരുന്നുവെന്നും നിസാമുദ്ദീന്‍ പറഞ്ഞു.

അതേസമയം, അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എന്‍ജിനും തകരാറുണ്ടായിരുന്നില്ലെന്നാണ് എംവിഡിയുടെ കണ്ടെത്തല്‍. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് നിഗമനം. ശ്രീകണ്ഠാപുരം പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: