‘മണിച്ചിത്രത്താഴില്‍ അടിമുടി ദുരൂഹത, ആ ഗാനം ചെയ്താല്‍ ദരിദ്രനാകും; പേടിച്ചരണ്ട സംഗീത സംവിധായകന്‍ മുങ്ങി’
ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ചിത്രമാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് പറയുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. മണിച്ചിത്രത്താഴുമായി ബന്ധപ്പെട്ട ചില പിന്നാമ്പുറ കഥകള്‍ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവച്ചത്.
”മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മധു മുട്ടമാണ്. ഫാസിലിനൊപ്പം ഷൂട്ടിംഗ് സമയങ്ങളില്‍ ഞാനും ഉണ്ടായിരുന്നു. അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് മധു മുട്ടം എല്ലാ ദിവസവും രാത്രി സമയങ്ങളില്‍ ലൊക്കേഷനില്‍ നിന്ന് വീട്ടിലേക്ക് പോകുമായിരുന്നു. മധുവിന് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഭയമായിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ മുന്‍സീറ്റിലിരിക്കില്ല. ബസില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സൈഡ് സീറ്റില്‍ ഇരിക്കില്ല. തുടങ്ങിയ വ്യത്യസ്തമായ സവിശേഷതകള്‍ ഉളള വ്യക്തിയായിരുന്നു മധു.
മണിച്ചിത്രത്താഴിന്റെ ഓരോ സീനുകളും വളരെ വിശാലമായിട്ടാണ് മധു എഴുതുന്നത്. അതില്‍ നിന്ന് കുറച്ച് ഭാഗമെടുത്തായിരിക്കും ഫാസില്‍ സിനിമാരൂപത്തിലാക്കുന്നത്. മധുവിന് വേദങ്ങളിലും പുരാണങ്ങളിലും ഒരുപാട് അറിവുണ്ടായിരുന്നു. എഴുത്ത് തീര്‍ന്നതോടെ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നതിന് ബിച്ചു തിരുമലയും എം ജി രാധാകൃഷ്ണനും ഹോട്ടലില്‍ പലമുറികളിലായി താമസിക്കുകയായിരുന്നു.
ഒരു ദിവസം ഫാസില്‍ എന്നെയുംക്കൂട്ടി ബിച്ചു തിരുമലയുടെ മുറിയിലേക്ക് പാട്ട് കേള്‍ക്കാനായി പോയി. ബിച്ചു വരികള്‍ കേള്‍പ്പിച്ചു. അതില്‍ ചെറിയ തിരുത്തലുകള്‍ ഉണ്ടായിരുന്നു. ഭക്ഷണത്തിലുളള ശ്രദ്ധപോലും മറന്നാണ് ബിച്ചു ഗാനങ്ങള്‍ രചിച്ചത്.
ഈ സിനിമയിലെ ‘പഴന്തമിഴ് പാട്ടിഴയും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എം.ജി രാധാകൃഷ്ണനാണ്., ഗാനം ആഹരി രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്. ആഹരി രാഗത്തിന് ചില പ്രശ്‌നങ്ങളുണ്ടെന്ന് പഴമക്കാര്‍ പറയും. ഈ രാഗത്തില്‍ ഗാനം രചിക്കുന്നവര്‍ ദരിദ്രരരായി പോകുമെന്നാണ് വിശ്വാസം.
മണിച്ചിത്രത്താഴിലെ കഥയില്‍ അടിമുടി ദുരൂഹതയും മന്ത്രവാദങ്ങളും അതോടൊപ്പം ആഹരി രാഗം കൂടി കടന്നുവന്നപ്പോള്‍ എം ജി രാധാകൃഷ്ണന്‍ പേടിച്ച് ആരോടും പറയാതെ ആലപ്പുഴയില്‍ നിന്നും മുങ്ങി. പിന്നീട് അനുജനും ഗായകനുമായ എം ജി ശ്രീകുമാര്‍ ഇടപെടാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ ചിത്രം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഫാസിലും മധു മുട്ടവും ഒരുമിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്”- അഷ്റഫ് പറഞ്ഞു.