KeralaNEWS

വെറ്ററിനറി സര്‍ജന്‍ മുതല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ വരെ; അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 116 ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ 116 സര്‍ക്കാര്‍ ജീവനക്കാരെ കൂടി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. റവന്യു, സര്‍വേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് സസ്പെന്‍ഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും.

മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും അറ്റന്‍ഡര്‍മാരും മുതല്‍ വെറ്ററിനറി സര്‍ജന്‍ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശ ഉള്‍പ്പെടെ 24,97,116 രൂപയാണ് ഇവരില്‍നിന്ന് തിരിച്ചുപിടിക്കുക. ക്ഷീരവികസന വകുപ്പില്‍ പാര്‍ട്ട്ടൈം സ്വീപ്പര്‍, ക്ലീനര്‍, ക്ലര്‍ക്ക് തസ്തികകളിലെ നാല് ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Signature-ad

റവന്യു വകുപ്പില്‍ ക്ലര്‍ക്ക്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളിലായി 34 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സര്‍വേ വകുപ്പില്‍ സര്‍വേയര്‍, ഡ്രാഫ്റ്റ്സ്മാന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന നാലു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇവര്‍ അനര്‍ഹമായി കൈപ്പറ്റിയത് ആകെ 10,46,400 രൂപയാണ്.

വിവിധ വകുപ്പുകളിലായുള്ള 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് ധനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെയുള്ള നടപടികള്‍ അതത് വകുപ്പുകള്‍ ആരംഭിച്ചത്. മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: