തൃശൂര്‍: കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍. ക്രിസ്മസിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ വസതിയിലെത്തി കേക്ക് കൊടുത്തതിനെക്കുറിച്ചാണ് വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചത്.
‘ഇടതുപക്ഷത്തോടോ ഇടതുപക്ഷ രാഷ്ട്രീയ ബോധത്തോടോ ഒരു കൂറുമില്ലാത്ത ആളാണ് തൃശൂര്‍ മേയര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ബിജെപി സ്ഥാനാര്‍ഥിക്കുമായാണ് നേരിട്ടും പരോക്ഷമായും മേയര്‍ പ്രവര്‍ത്തിച്ചത്.
ഇടതുപക്ഷത്തിന്‍രെ ചെലവില്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുയാണ് മേയര്‍.സംസ്ഥാന അധ്യക്ഷന്‍ വീട്ടില്‍ പോയി കേക്ക് കൊടുത്തതില്‍ തനിക്ക് ആശ്ചര്യമില്ല. നാളെ മേയര്‍ ബിജെപിയുടെ ആരാകുമെന്ന് പറയാനാവില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കായി ഒരു വേദിയില്‍ പോലും മേയര്‍ പ്രത്യക്ഷപ്പെട്ടില്ല എന്ന് മാത്രമല്ല എന്‍ഡിഎ സ്ഥാനാര്‍ഥിയെ ബൂസ്റ്റ് ചെയ്യാനായി പദവി ദുരുപയോഗം ചെയ്തു.
ചോറിവിടെയും കൂറവിടെയുമുള്ള വ്യക്തിയാണ് മേയര്‍. തങ്ങള്‍ ഒരിക്കലും മേയറെ അംഗീകരിച്ചിട്ടില്ലെന്നും, മേയറുമായി അഡ്ജസ്റ്റ് ചെയ്ത് പോകുകയാണെന്നും’- വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് വേറെ എത്രയോ മേയര്‍മാരുണ്ടായിട്ടും തൃശൂരില്‍ മാത്രമെന്താണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പോയതെന്നും അദ്ദേഹം ചോദിച്ചു.
താന്‍ എംഎല്‍എയായപ്പോള്‍ നടത്തിയ കോടിക്കണക്കിന് വികസനത്തിന് പകരം എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിച്ചാല്‍ നടത്തിയേക്കാവുന്ന വികസനത്തെക്കുറിച്ചാണ് മേയര്‍ പറഞ്ഞത്. മേയറെ അംഗീകരിക്കില്ലെന്നും വി.എസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. എം.കെ വര്‍ഗീസുമായി തനിക്ക് വ്യക്തിപരമായ ഒരു വിരോധവുമില്ല. എന്നാല്‍ രാഷ്ട്രീയപരമായി അംഗീകരിക്കില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.