ന്യൂഡല്‍ഹി: ജനങ്ങളെ ശക്തരാക്കിയ നിയമനിര്‍മാണങ്ങളിലൂടെയും രാഷ്ട്രത്തിനു കരുത്തായ സാമ്പത്തിക നയരൂപീകരണത്തിലൂടെയും വേറിട്ട വഴി സൃഷ്ടിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് (92) ആദരാഞ്ജലികളുമായി രാജ്യം. എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്‌കാരം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം.
2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.
രാവിലെ 11ന് കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകയോഗം ചേരും. കര്‍ണാടകയിലെ ബെളഗാവിയില്‍ ഇന്നു നടത്താനിരുന്ന റാലി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു. ജവാഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി തുടര്‍ഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്.
രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓര്‍മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഏറെ ഇടപെടലുകള്‍ മന്‍മോഹന്‍ സിങ് നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വഴികാട്ടിയെയാണ് നഷ്ടമായതെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.