IndiaNEWS

‘യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടര്‍ന്നു, തിയറ്റര്‍ വിടാന്‍ തയാറായില്ല; ദുരന്തശേഷവും ആളുകളെ കണ്ടു’

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച വിവരം അറിഞ്ഞിട്ടും നടന്‍ അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നതായി പൊലീസ്. യുവതി മരിച്ച വിവരം തിയറ്ററില്‍വച്ച് അല്ലുവിനെ പൊലീസ് അറിയിച്ചിരുന്നതായി ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. തിയറ്ററില്‍നിന്ന് പോകാന്‍ താരം കൂട്ടാക്കിയില്ല. മടങ്ങുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശം പാലിച്ചില്ല. ദുരന്തശേഷവും നടന്‍ ആളുകളെ അഭിവാദ്യം ചെയ്തു. തെളിവായി തിയറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

ഡിസംബര്‍ നാലിന് നടന്ന പ്രിമിയര്‍ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപ്രതീക്ഷിതമായി താരം തിയറ്ററില്‍ എത്തിയതിനെ തുടര്‍ന്നാണ് തിരക്കുണ്ടായത്. സ്ത്രീയുടെ മരണത്തെ തുടര്‍ന്ന് അല്ലു അര്‍ജുനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് കേസെടുത്തത്. ദുരന്തവിവരം അറിഞ്ഞയുടനെ തിയറ്റര്‍ വിട്ടെന്നായിരുന്നു അല്ലു അര്‍ജുന്റെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

Signature-ad

തിയറ്റര്‍ വിടാനുള്ള അഭ്യര്‍ഥന താരം നിരസിച്ചതായി പൊലീസ് പറയുന്നു. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണര്‍ സി.വി.ആനന്ദ് ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അല്ലുവിന്റെ അടുത്തേക്ക് പോകാന്‍ തിയറ്റര്‍ മാനേജര്‍ അനുവദിച്ചില്ലെന്ന് ചിക്കഡപള്ളി എസിപി രമേഷ് കുമാര്‍ പറഞ്ഞു. പൊലീസിന്റെ സന്ദേശം താന്‍ കൈമാറാമെന്ന് തിയറ്റര്‍ ഉടമ പറഞ്ഞു. സന്ദേശം കൈമാറിയില്ല. താരത്തിന്റെ മാനേജരോട് ദുരന്ത വിവരം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അവസാനം താരത്തിന് അടുത്തെത്തി ദുരന്ത വിവരം പറഞ്ഞെങ്കിലും സിനിമ പൂര്‍ത്തിയായശേഷം മടങ്ങാമെന്നാണ് പറഞ്ഞതെന്നും എസിപി പറഞ്ഞു. അല്ലു അര്‍ജുന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളെയും പൊലീസിനെയും പിടിച്ചു തള്ളിയതായും പൊലീസ് പറഞ്ഞു. താരങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസുകാരെയോ ജനങ്ങളെയോ കയ്യേറ്റം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.

യുവതിയുടെ മരണത്തെ തുടര്‍ന്ന് അല്ലുവിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്തിരുന്നു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും രാത്രി ജയിലില്‍ കഴിയേണ്ടിവന്നു. അല്ലു അര്‍ജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിയറ്ററില്‍ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് അപകടത്തിനിടയാക്കിയതെന്നും, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിനുനേരെ ഇന്നലെ ആക്രമണമുണ്ടായി. അതിക്രമിച്ചു കയറിയ ആളുകള്‍ വീടിനു കല്ലെറിഞ്ഞു. പൂച്ചെട്ടികള്‍ തകര്‍ത്തു. ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ആക്രമണം നടത്തിയത്.

Back to top button
error: