കവിയും സിനിമാ നിരൂപകനുമായ ശാന്തൻ്റെ ‘ഐ. എഫ്.എഫ് കെ 100 വിസ്മയചിത്രങ്ങൾ’ എന്ന സിനിമാ നിരൂപണ ഗ്രന്ഥത്തിൻ്റെ പ്രകാശനം ടാഗൂർ തിയേറ്ററിലെ ഓപ്പൺ ഫോറം വേദിയിൽ വെച്ച് നടന്നു. ചലച്ചിത്ര നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ ഐ.എഫ്.എഫ്.കെ ക്യുറേറ്റർ ഗോൾഡ സെല്ലത്തിനു നൽകിയാണ് പ്രകാശിപ്പിച്ചത്.
ജീവിതത്തിൻ്റെ അനുഭവ വൈവിധ്യങ്ങളും ജീവിതാവസ്ഥകളുടെ അപരിചിത മേഖലകളും അനുഭൂതി വിശേഷങ്ങളുമാണ് ഐ.എഫ്.എഫ്.കെയിൽ കണ്ട നുറു വിസ്മയ ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഒരു ഐ.എഫ്.എഫ്.കെ പോലും മുടങ്ങാതെ ശാന്തൻ കണ്ട സിനിമകളുടെ പഠനങ്ങൾ പല പ്രസീകരണങ്ങളിലും ഐ.എഫ്.എഫ്.കെ ബുള്ളറ്റിനുകളിലും എഴുതിയവയാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്നു പതിറ്റാണ്ടുകാലം ഐ.എഫ്.എഫ്.കെയിൽ കണ്ട ഈ ചിത്രങ്ങൾ ലോക സിനിമയുടേയും ഇന്ത്യൻ സിനിമയുടേയും മലയാളസിനിമയുടേയും ചരിത്രം കൂടിയാണ്. വായനക്കാർക്ക് ഇതിൽ പ്രതിപാദിക്കുന്ന സിനിമകൾ കാണുന്നതിനു വേണ്ട വിവരങ്ങൾ ചേർത്തിട്ടുണ്ട്. പഠിതാക്കൾ, വിദ്യാർത്ഥികൾ, ചലച്ചിത്രപ്രവർത്തകർ തുടങ്ങി സിനിമയിൽ താല്പര്യമുള്ള ഏവർക്കും ഒരു കൈപ്പുസ്തകമായി ആശ്രയിക്കാവുന്നതാണ് ‘ഐ. എഫ്.എഫ് കെ 100 വിസ്മയചിത്രങ്ങൾ.’ ഐ.എഫ്.എഫ്.കെയുടെ ചരിത്രം പ്രതിപാദിക്കുന്ന ‘സുവർണ്ണ ചകോരത്തിൻ്റെ കഥ’ എന്ന പുസ്തകവും ശാന്തൻ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചലച്ചിത്രനിരൂപകൻ വി.കെ ജോസഫ്, ഗ്രന്ഥകർത്താവ് ശാന്തൻ, വിനോദ് റെസ്പോൺസ് എന്നിവർ പങ്കെടുത്തു. ‘ഐ. എഫ്.എഫ് കെ 100 വിസ്മയചിത്രങ്ങൾ’ പ്രസിദ്ധീകരിച്ചത് റെസ്പോൺസ് ബുക്സാണ്.