KeralaNEWS

പോലീസ് തലപ്പത്ത് പോര്; അജിത്കുമാറിന്റെ മൊഴി കള്ളമെന്ന് പി വിജയന്‍, നടപടി ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരേ ഇന്റലിജന്‍സ് വിഭാഗം മേധാവി പി. വിജയന്റെ പരാതി. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നില്‍ അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്ന് വിജയന്‍ ഡിജിപിക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഡിജിപിക്ക് ലഭിച്ച പരാതി തുടര്‍നടപടികള്‍ക്കായി സര്‍ക്കാറിന് കൈമാറി.

പി.വി. അന്‍വര്‍ എംഎല്‍എ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഡിജിപി എസ്. ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് അജിത് കുമാര്‍ പി. വിജയനെതിരേ മൊഴി നല്‍കിയത്. പി. വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എഡിജിപിയുടെ മൊഴി. എന്നാല്‍, സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചു.

Signature-ad

നേരത്തെ, എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി. വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താലായിരുന്നു അന്വേഷണവിധേയമായുള്ള സസ്‌പെന്‍ഷന്‍. 2023-ലായിരുന്നു അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍. പിന്നീടുള്ള അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയതോടെയാണ് അദ്ദേഹം സര്‍വീസില്‍ തിരിച്ചെത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: