KeralaNEWS

ആഡംബര വീട് നിര്‍മാണം ഒന്നരക്കോടി വായ്പയെടുത്ത്, സ്വര്‍ണക്കടത്തിനും തെളിവില്ല; അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്?

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കാനൊരുങ്ങി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്. ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

സ്വര്‍ണക്കടത്ത് കേസില്‍ പി.വി. അന്‍വറിന് തെളിവ് ഹാജരാക്കാനായില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാഴ്ചയ്ക്കകം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കവടിയാറിലെ ആഢംബര വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് കണ്ടെത്തല്‍. 2009ലാണ് കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി ഫ്‌ലാറ്റ് വാങ്ങാന്‍ 37 ലക്ഷം രൂപക്ക് കരാര്‍ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013ല്‍ കമ്പനി ഫ്‌ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്‌ലാറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകി എന്നാണ് കണ്ടെത്തല്‍. 4 വര്‍ഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്‌ലാറ്റ് വില്‍ക്കുന്നത് 2016ലാണ്. വില്‍പ്പനക്ക് പത്ത് ദിവസം മുന്‍പ്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വന്തം പേരിലേക്ക് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്റെ വിലയില്‍ ഉണ്ടായത്. സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍.

കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അജിത് കുമാറിന് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതിന്റെ വിവാദം തീരും മുന്‍പ് വരുന്ന വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: