Breaking NewsIndiaLead NewsNEWSWorld

ഇതു ഇന്ത്യൻ ആർമിയാ പാക്കിസ്ഥാനെ, തകർത്താൽ തകർത്തതുതന്നെയാ… ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് കൊടുത്തത് ഇരിപ്പത് പണി, മുറീദ് എയർബേസിലെ കെട്ടിടം പുനർനിർമ്മിക്കാനായില്ല, ഒടുവിൽ പൊളിച്ചു നീക്കി

ന്യൂഡൽഹി: ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച പാക്കിസ്ഥാനിലെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നായ മുറീദ് എയർബേസിലെ കമാൻഡ്-ആൻഡ്-കൺട്രോൾ കെട്ടിടം പുനർനിർമ്മിക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായി പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഒടുവിൽ ആ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയതായി റിപ്പോർട്ടുകൾ.

വാൻടോർ (Vantor) സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം ഫെബ്രുവരി 28-ന് എടുത്ത ദൃശ്യങ്ങളിൽ കെട്ടിടത്തിന്റെ മദ്ധ്യഭാഗത്ത് പിങ്ക്-ചുവപ്പ് നിറത്തിലുള്ള അവശിഷ്ടങ്ങളും തുറന്ന മണ്ണും മാത്രമാണ് കാണുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇതിലൂടെ പുനർനിർമ്മാണം പരാജയപ്പെട്ടതിന്റെ സൂചനയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Signature-ad

സാറ്റലൈറ്റ് ഇമേജറി വിശകലന വിദഗ്ധനായ ഡാമിയൻ സൈമൺ പറയുന്നതനുസരിച്ച് ഏകദേശം 35×30 മീറ്റർ വലിപ്പമുള്ള ഈ കെട്ടിടത്തിൽ ഇന്ത്യൻ സേന നടത്തിയ ആക്രമണം മേൽക്കൂരയ്ക്ക് മാത്രമല്ല അകത്തളങ്ങളിലേക്കും ഗുരുതരമായ നാശം സംഭവിച്ചിരിക്കാമെന്നും അതിനാൽ കെട്ടിടം സുരക്ഷിതമായി പുനർനിർമ്മിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം 2025 മേയ് 10-ന് പുലർച്ചെ 2 മണി മുതൽ 5 മണിവരെ ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ പത്ത് എയർബേസുകൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളിലൊന്നായിരുന്നു മുറീദ് എയർബേസിലെ ഈ പ്രഹരം. ആക്രമണത്തിന് മണിക്കൂറുകൾക്കുശേഷമാണ് പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് തയ്യാറായതെന്നും റിപ്പോർട്ടുകൾ പറയുന്നു.

റിപ്പോർട്ടുകൾ പ്രകാരം ആക്രമിക്കപ്പെട്ട കെട്ടിടം ഡ്രോൺ (UAV) പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കമാൻഡ് കേന്ദ്രമായിരിക്കാമെന്നാണ് വിലയിരുത്തൽ. അതേ എയർബേസിലെ ഒരു ഭൂഗർഭ സൗകര്യവും ആക്രമണത്തിൽ ലക്ഷ്യമാക്കിയതായി മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഭൂഗർഭ കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഒന്നിൽ നിന്ന് ഏകദേശം 30 മീറ്റർ അകലെയായി 3 മീറ്റർ വീതിയുള്ള ക്രേറ്റർ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ആക്രമണത്തിൽ ഉപയോഗിച്ച ആയുധത്തെക്കുറിച്ച് ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ആക്രമണത്തിന്റെ സ്വഭാവം കണക്കിലെടുത്ത് റഫാൽ യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കുന്ന SCALP ക്രൂയിസ് മിസൈൽ ഉപയോഗിച്ചിരിക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. ശക്തമായ കോൺക്രീറ്റ് കെട്ടിടങ്ങൾ തുളച്ച് അകത്ത് പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള പീനെട്രേറ്റർ വാർഹെഡുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.

ആക്രമണത്തിന് പിന്നാലെ എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളിൽ ആദ്യം മേൽക്കൂരയിൽ കേടുപാടുകൾ മാത്രം കാണപ്പെട്ടിരുന്നു. പിന്നീട് ജൂൺ മാസത്തിൽ കെട്ടിടത്തിന്റെ ഭാഗങ്ങൾ ടാർപ്പായ കൊണ്ട് മൂടിയ നിലയും ഡിസംബർ മാസത്തോടെ മുഴുവൻ ഭാഗവും ടാർപ്പായയും മെഷും കൊണ്ട് മൂടി പുനർനിർമ്മാണ ശ്രമങ്ങൾ നടക്കുന്നതും ദൃശ്യമായിരുന്നു. എന്നാൽ പുതിയ ചിത്രങ്ങൾ പ്രകാരം ആ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കെട്ടിടം ഒടുവിൽ പൂർണമായും പൊളിച്ചുമാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: