കോട്ടയം: പ്രതിക്കും കുടുംബത്തിനുമായി കോടാനുകോടിയുടെ സ്വത്തുക്കള്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിലെ ഗവിക്ക് സമീപം 600 ഏക്കറിലേറെയുള്ള ഏക സ്വകാര്യഭൂമിയും ഈ കുടുംബത്തിന്റേത്. ഇതില്‍ പ്രതി ജോര്‍ജ് കുര്യന്റെ പേരില്‍മാത്രം 22 ഏക്കറിലേറെ, അച്ഛന്റെ വീതത്തിലുള്ള അവകാശം വേറെയും, ഏരുമേലിയില്‍ 16 ഏക്കറിലേറെ റബ്ബര്‍ എസ്റ്റേറ്റ്… ഇങ്ങനെ കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ക്കുടമയായ പ്രതി 15 സെന്റിനുവേണ്ടി നടത്തിയതാണ് കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല.
വെടിയുതിര്‍ത്ത് ജീവനെടുത്തത് സ്വന്തം അനുജന്റെയും അമ്മയുടെ സഹോദരന്റെയും. 18 കോടിയിലേറെ സ്വത്തുക്കളുണ്ടെന്നാണ് കേസ് വിസ്താരത്തിനിടെ പ്രസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്, എട്ടു കോടിയോളം ബാധ്യതയുണ്ടെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.എസ്. അജയന്‍ പറഞ്ഞു. മറ്റ് സ്വത്തുക്കള്‍ക്ക് പുറമെ കുടുംബവീട് പുരയിടത്തില്‍ രണ്ട് ഏക്കര്‍ 33 സെന്റ് സ്ഥലം പ്രതി അച്ഛനോട് ആവശ്യപ്പെട്ടു. വഴിയുള്‍പ്പൈട രണ്ട് ഏക്കര്‍ എട്ട് സെന്റ് നല്‍കുന്നതിന് കൊല്ലപ്പെട്ട രഞ്ജു ഉള്‍പ്പൈട ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ രഞ്ജു അറിയാതെ രജിസ്ട്രാറെ വീട്ടിലെത്തിച്ച് രണ്ട് ഏക്കര്‍ 33 സെന്റ് സ്ഥലത്തിന് പ്രതി ആധാരം എഴുതിച്ചു. ഈ സ്ഥലത്ത് വില്ലകള്‍ പണിതു വില്‍ക്കാനായിരുന്നു ഉദ്ദേശ്യം.
എന്നാല്‍ ഇത്രയും സ്ഥലം അളക്കുമ്പോള്‍ കുടുംബവീടിന്റെ മുറ്റംവരെയെത്തുന്നതാണ് രഞ്ജു എതിര്‍പ്പുയര്‍ത്താന്‍ കാരണം. വില്ല പണിതാല്‍ വീടിനുമുമ്പില്‍ കോളനിപോലെയാകുമെന്നും ഇവര്‍ ഉന്നയിച്ചു. 15 സെന്റ് സ്ഥലം വീടിനുപിന്നില്‍ മറ്റൊരുസ്ഥലത്ത് കൊടുക്കാനും തയ്യാറായിരുന്നു. ഇത് പ്രതിക്ക് സമ്മതമായില്ല. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായതും വെടിവെപ്പിലെത്തിയതും.
കൊലപാതകം നടത്താന്‍ കാഞ്ഞിരപ്പള്ളി പ്ലാന്റേഴ്സ് ക്ലബ്ബില്‍നിന്ന് നിറതോക്ക് കൂടാതെ 50 തിരകളും ബാഗില്‍ കരുതിയിരുന്നു. കൊല്ലപ്പെട്ട രഞ്ജു വീട്ടിലേയ്ക്കെത്തുന്നതുകാത്ത് വഴിയില്‍ ഒളിച്ചുനിന്നു. അനുജനെത്തിയെന്നുറപ്പാക്കിയശേഷം കാറില്‍ മുറ്റത്തെത്തി തോക്കുമായി മുറിയിലേയ്ക്കുകയറി ഇരുവര്‍ക്കും നേരേ നിറയൊഴിക്കുകയായിരുന്നു.
നെഞ്ചില്‍ വെടിയേറ്റുവീണ അമ്മാവന്‍ മാത്യു സ്‌കറിയയുടെ അടുത്തെത്തി െനറ്റിയില്‍ ‘പോയിന്റ് ബ്ലാങ്കില്‍’ വെടിവെച്ച് മരണം ഉറപ്പിച്ചു. ഹൃദയത്തില്‍ വെടിയേറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ച രഞ്ജുവിനെ പിന്നില്‍നിന്ന് വെടിവച്ചുവീഴ്ത്തി മരിച്ചെന്നുറപ്പാക്കി. വീടിന് പുറത്തിറങ്ങി തൊഴിലാളികളെ തോക്കുചൂണ്ടി വിരട്ടിയോടിച്ചു.
സംഭവത്തിന് തലേന്ന്, നാളെ ചിലത് സംഭവിക്കുമെന്നും അത് പത്രങ്ങളില്‍ തലക്കെട്ടാകുമെന്നും സഹോദരിയോടും പ്രതി പറഞ്ഞു. ഇതെല്ലാം കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. കാഞ്ഞിരപ്പള്ളി പോലീസ് ഇന്‍സ്പെക്ടറായിരുന്ന റിജോ പി.ജോസഫായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.