ന്യൂഡല്‍ഹി: തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍പ്പില്‍ തന്നെ. തോമസ് കെ. തോമസിന്റെ മന്ത്രി പദവി വിഷയത്തില്‍ തീരുമാനമെടുക്കാനാകാതെ എന്‍സിപി ദേശീയ നേതൃത്വം നിലയുറപ്പിക്കുന്നതും ഇതു കൊണ്ടാണ്. വിഷയത്തില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെയും സിപിഎം ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന നിലപാട് കാരാട്ടിനെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കാര്യകാരണങ്ങള്‍ സഹിതമാണ് വിശദീകരണം നല്‍കിയത്. ഇതോടെ ശരത് പവാറിന്റെ അടുത്ത നീക്കം നിര്‍ണ്ണായകമാകും. ഇതിനിടെ ഡല്‍ഹി ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയതില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ അതൃപ്തി അറിയിച്ചുവെന്നാണു വിവരം.
അന്തിമ തീരുമാനം വേണമല്ലോ എന്നാണു ഇന്നലെ ചര്‍ച്ചകള്‍ക്കു മുന്‍പ് കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് പ്രതികരിച്ചത്. വൈകിട്ട് 6നു ശരദ് പവാറിന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അപ്രതീക്ഷിതമായാണു കാരാട്ട് എത്തിയത്. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ ഇടപെടലിനെത്തുടര്‍ന്നാണിതെന്നാണു വിവരം. 20 മിനിറ്റോളം ചര്‍ച്ച നടത്തി. പിന്നീട് തോമസ് കെ. തോമസ് ഒറ്റയ്ക്കും പവാറിനെ കണ്ടു. കരാട്ടും പാവാറും പ്രത്യേകമായാണ് സംസാരിച്ചത്. മഹാരാഷ്ട്രയില്‍ എന്‍സിപിയ്ക്ക് വലിയ തിരിച്ചടിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പഴയ കരുത്ത് പവാറിനില്ല. അതിനാല്‍ പിണറായിയെ പിണക്കാന്‍ പവാറിന് താല്‍പ്പര്യവുമില്ല.
ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാത്തതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്. മുന്നണി സംവിധാനത്തില്‍ മന്ത്രിയെ നിശ്ചയിക്കുക അതത് പാര്‍ട്ടികളാണെങ്കിലും അതുണ്ടാവാത്തതിലെ അതൃപ്തി ചാക്കോ കാരാട്ടിനെ അറിയിച്ചെന്നാണ് വിവരം. അതിന് ശേഷമാണ് പവാറുമായി കാരാട്ട് ചര്‍ച്ച ചെയ്തത്. ഇതില്‍ പിണറായിയുടെ നിലപാട് അടക്കം കാരാട്ട് വിശദീകരിച്ചു. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരുന്ന എന്‍സിപി എംഎല്‍എ തോമസ് കെ തോമസ് നാട്ടിലേക്ക് മടങ്ങി. ഇന്ന് ശരദ് പവാറുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് തോമസ് കെ തോമസ് ഇന്നലെ അറിയിച്ചിരുന്നത്. നാട്ടിലെത്തിയ ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് മന്ത്രിമാറ്റത്തിലെ തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയില്‍ തോമസ് കെ തോമസ് എംഎല്‍എ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയിലെ ശരദ് പവാറിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച നടന്നത്. എല്ലാ കാര്യങ്ങളും ശരദ് പവാറിനെ ബോധിപ്പിച്ചു എന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയെന്നും തോമസ് കെ തോമസ് പറഞ്ഞു. മന്ത്രിയാകാന്‍ താന്‍ ഓടി നടക്കുന്നു എന്നാണ് മാധ്യമങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്നതെന്നും എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു. മന്ത്രിമാറ്റം പാര്‍ട്ടി തീരുമാനമാണ്. ഇക്കാര്യം ശരദ് പവാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എ കെ ശശീന്ദ്രനെ ചര്‍ച്ചയ്ക്ക് വിളിച്ചോ എന്ന കാര്യം തനിക്കറിയില്ലെന്നും പറഞ്ഞിരുന്നു.
തോമസ് കെ തോമസിനെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ശരദ് പവാര്‍, മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ കഴിയും വരെ കാത്തിരിക്കാനായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിഷയത്തില്‍ തീരുമാനം ഉണ്ടാകാത്തതില്‍ തോമസ് കെ തോമസിന് കടുത്ത അതൃപ്തിയുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം വേണമെന്നായിരുന്നു തോമസ് കെ തോമസ് നേരത്തെ പ്രതികരിച്ചത്. നിരാശയല്ല മറിച്ച് പ്രത്യാശയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന് എന്‍സിപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഏറെനാളായി തര്‍ക്കത്തിലുള്ള എന്‍സിപിയിലെ മന്ത്രിമാറ്റത്തില്‍ അന്തിമ നീക്കത്തിലാണ് പി സി ചാക്കോയും തോമസും. അവസാന വട്ടശ്രമമെന്ന നിലക്കാണ് ശരത് പവാര്‍ വഴിയുള്ള ഇടപെടലിന് ശ്രമിച്ചത്. ദേശീയ നേതൃത്വം വരെ അംഗീകരിച്ച മന്ത്രിമാറ്റത്തില്‍ അപ്രതീക്ഷിത ഉടക്കിട്ടത് മുഖ്യമന്ത്രിയാണ്. കൂറുമാറാന്‍ 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന വിവാദത്തില്‍ തോമസിനെ മന്ത്രിയാക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി ഉറച്ചനിലപാടെടുത്തു. ഇതോടെ മന്ത്രിമാറ്റ നീക്കം വഴിമുട്ടി. തോമസില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാടെടുത്താണ് കേരള എന്‍സിപിയുടെ പുതിയ തന്ത്രം. ഇതിനും പിണറായി വഴങ്ങില്ലെന്നാണ് സൂചന.