മസ്‌കറ്റ്: ഇന്ത്യന്‍ കോഴി മുട്ടകള്‍ക്ക് പുതിയ ഇറക്കുമതി പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തി ഒമാന്‍. തീരുമാനം തമിഴ്നാടിനെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. അടുത്തിടെ ഖത്തറും ഇന്ത്യന്‍ മുട്ടകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഡിഎംകെ എംപി കെആര്‍എന്‍ രാജേഷ്‌കുമാര്‍ ഇന്നലെ ഈ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള മുട്ട ഇറക്കുമതി പുനരാരംഭിക്കുന്നതിന് ഒമാന്‍, ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോഴി കര്‍ഷകരും മുട്ട കയറ്റുമതിക്കാരും നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലെ ഒമാന്‍, ഖത്തര്‍ അംബാസഡര്‍മാരുമായി കൂടിക്കാഴ്ചകള്‍ നടത്താന്‍ സയമം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
നിയന്ത്രണങ്ങള്‍ മൂലം ചുരുങ്ങിയത് 15 കോടി രൂപ വിലമതിക്കുന്ന മുട്ടകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് നാമക്കലില്‍ നിന്നുള്ള മുട്ട കയറ്റുമതിക്കാരനും ലൈവ്സ്റ്റോക്ക് ആന്‍ഡ് അഗ്രിഫാര്‍മേഴ്‌സ് ട്രേഡ് അസോസിയേഷന്‍ (ലിഫ്റ്റ്) ജനറല്‍ സെക്രട്ടറിയുമായ പി.വി സെന്തില്‍ പറഞ്ഞു.
നാമക്കലില്‍നിന്ന് വന്‍ തോതില്‍ മുട്ട കയറ്റുമതി ചെയ്തിരുന്ന രണ്ട് രാജ്യങ്ങളാണ് ഖത്തറും ഒമാനും. ഈ ഗള്‍ഫ് രാജ്യങ്ങളുടെ കടുത്ത തീരുമാനം തങ്ങളുടെ വ്യാപാരത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് കര്‍ഷകരും പറയുന്നു.
ആറ് മാസമായി ഇവര്‍ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ ജൂണില്‍ മുട്ടകള്‍ക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കുന്നത് ഒമാന്‍ നിര്‍ത്തിയിയിരുന്നു. വിഷയത്തില്‍ കോണ്‍സുലേറ്റ് തലത്തിലെ നിരവധി ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് സെപ്തംബറില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഇറക്കുമതി പുനരാരംഭിച്ചു. എന്നാല്‍ ഇന്നലെ വീണ്ടും നിര്‍ത്തുകയായിരുന്നു.