വയനാട്: മാനന്തവാടിയില്‍ ആംബുലന്‍സ് വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടു പോയത് ഓട്ടോറിക്ഷയില്‍. എടവക വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മയുടെ (80) മൃതദേഹമാണ് പ്രദേശത്ത് നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ശമശാനത്തിലേക്ക് ഓട്ടോയില്‍ കൊണ്ടു പോകേണ്ടി വന്നത്.
ഞായറാഴ്ച വൈകിട്ടാണ് വയോധിക മരിച്ചത്. കുടുംബം ട്രൈബല്‍ പ്രമോട്ടറെ മരണവാര്‍ത്ത അറിയിക്കുകയും ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ആംബുലന്‍സ് എത്തുമെന്നാണ് പ്രമോട്ടര്‍ അറിയിച്ചത്. എന്നാല്‍, തിങ്കളാഴ്ച വൈകിട്ട് നാലു മണിയായിട്ടും ആംബുലന്‍സ് എത്തിയില്ല.
ഇതിനെ തുടര്‍ന്ന്, വൈകിട്ട് നാലുമണിയോടെ മൃതദേഹം പായയില്‍ പൊതിഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഓട്ടോയുടെ പിന്നിലിരുന്നവരുടെ മടിയിലാണ് മൃതദേഹം വച്ചിരുന്നത്. ഇത് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.