സാന്‍ഫ്രാന്‍സിസ്‌കോ(യു.എസ്): പ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തബലയെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. ബയാനില്‍ (തബലയിലെ വലുത്) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാല്‍ പ്രകടിപ്പിച്ചിരുന്ന മാസ്മരികത സംഗീതലോകത്തിന് എന്നും വിസ്മയമായിരുന്നു.
മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. മൂന്നാം വയസ്സ് മുതല്‍ സംഗീതത്തില്‍ അഭിരുചി കാണിച്ചു. അച്ഛന്‍ അല്ലാ രഖാ പാത പിന്തുടര്‍ന്ന സാക്കിര്‍ ഏഴാം വയസ്സില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം. പന്ത്രണ്ടാം വയസ്സില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു.
മുംബൈ സെന്റ് സേവ്യേഴ്സ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിര്‍ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍, സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസ്സില്‍ കച്ചേരി അവതരിപ്പിച്ചു.
തബലയിലെ മാന്ത്രികനെന്നു കഴിഞ്ഞകാലം വിലയിരുത്തിയ ആളായിരുന്നു ഉസ്താദ് അല്ല രഖ. അദ്ദേഹത്തിന്റെ പുത്രന്‍ സാക്കിര്‍ ഹുസൈനാകട്ടെ കൗമാരം വിടും മുന്‍പേ ഉസ്താദ് എന്ന് വാഴ്ത്തപ്പെട്ടു. സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിനൊപ്പം സാക്കിര്‍ ഹുസൈന്‍ കച്ചേരി വായിച്ചതു പതിനെട്ടാം വയസ്സിലാണ്. അന്ന് രവിശങ്കര്‍ പറഞ്ഞു: ”ഇന്നു നമ്മള്‍ കേട്ടത് നാളെയുടെ തബല വാദനമാണ്!”. ആ പ്രവചനം നീണ്ടുനിന്നത് ഒരുപാട് നാളേയ്ക്കാണ്. ഏതാണ്ട് അഞ്ചര പതിറ്റാണ്ട്.
മോഹന്‍ലാല്‍ ചിത്രമായ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകള്‍ക്കു സംഗീതം നല്‍കി. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.