കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ശീമാട്ടി ഉടമ ബീന കണ്ണന്‍. ഒരാള്‍ വൃത്തിയായി രാജ്യം ഭരിക്കുന്നുണ്ടെങ്കില്‍ അവരുമായി വേദി പങ്കിടുന്നതില്‍ എന്താണ് തെറ്റെന്ന് ബീന കണ്ണന്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തിയപ്പോള്‍ വേദി പങ്കിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബീന കണ്ണന്‍.
”എന്തുകൊണ്ട് പാടില്ല?, ഒരാള്‍ വൃത്തിയായി രാജ്യം ഭരിക്കുന്നുണ്ടെങ്കില്‍ അവരുമായി വേദി പങ്കിടുന്നതില്‍ എന്താണ് തെറ്റ്?. ചെറുപ്പത്തില്‍ ഞാന്‍ ഇന്ദിരാഗാന്ധിയെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കരുതുന്നു, ഞാന്‍ തെറ്റ് ചെയ്തിരിക്കാം. നമ്മുടെ രാജ്യം നല്ല രീതിയില്‍ നടക്കണം എന്ന ഒറ്റ ഉദ്ദേശമേ എനിക്ക് ഉള്ളൂ. ചെറുപ്പക്കാര്‍ എന്തുകൊണ്ട് നാട്ടില്‍ വന്ന് രാജ്യം ഭരിക്കുന്നില്ല എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ്. ഉള്ളവരെ കൂടി നിങ്ങള്‍ നാടുകടത്തി വിടുന്നുണ്ട്. കെട്ടുംകെട്ടി വിട്ടിട്ടില്ലേ? മൊത്തത്തില്‍ എന്നെ കണ്ടിട്ട് ഒരു മണ്ടിയാണെന്ന് തോന്നുന്നുണ്ടോ? മോദിയുമായി വേദി പങ്കിട്ടത്തില്‍ ഏത് തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായാലും എന്റെ രീതി നേരെയാണെങ്കില്‍ എനിക്ക് അത് നേരിടാന്‍ അറിയാം. എന്റെ ഉദ്ദേശം നേരെ വാ നേരെ പോ എന്നതാണ്. വളഞ്ഞ വഴിയില്‍ പോയാല്‍ അല്ലേ ഭയപ്പെടേണ്ടതുള്ളൂ. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് മുന്‍പ് വിളിച്ച് ചോദിച്ച കക്ഷികളുണ്ട്. താന്‍ ധൈര്യമായി ചെയ്തോളൂ. ഞാന്‍ ഇല്ല എന്നാണ് പറഞ്ഞത്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ എനിക്ക് താത്പര്യമില്ല.”- ബീന കണ്ണന്‍ പറഞ്ഞു.
”ഫെമിനിസം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും കൈകാര്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പശ്ചാത്തലമോ സ്വത്വമോ ഒന്നും നോക്കാതെ, എല്ലാവരെയും അത് ആരായാലും ബഹുമാനിക്കുക എന്നതാണ് എന്റെ സമീപനം”.- ബീന കണ്ണന്‍ വ്യക്തമാക്കി.