പ്രൈവറ്റ് ജെറ്റില്‍ പറക്കാനില്ല; പക്ഷെ തൃഷയ്ക്കുമുണ്ട് കോടികള്‍, ‘ഷോ ഓഫില്‍’ താല്‍പര്യമില്ലാത്ത താര റാണി
തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തൃഷ്ണ കൃഷ്ണന് തന്റെ താരമൂല്യം വീണ്ടും തിരിച്ച് കിട്ടിയിരിക്കുകയാണ്. പൊന്നിയിന്‍ സെല്‍വന്റെ വിജയം നഷ്ടപ്പെട്ട് പോയെന്ന് കരുതിയ മുന്‍നിര നായികാ സ്ഥാനം തൃഷയ്ക്ക് തിരികെ നല്‍കി. കരിയറില്‍ ഇടയ്ക്കിടെ വലിയ ഇടവേള വന്നെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്താന്‍ തൃഷയ്ക്ക് സാധിച്ചിട്ടുണ്ട്. താരമാകുന്നതിനപ്പുറം മികച്ച കഥാപാത്രങ്ങള്‍ ചെയ്യാനാണ് തൃഷ ശ്രമിക്കുന്നത്. സിനിമാ ലോകത്ത് എന്നും തൃഷയുമായി താരതമ്യം ചെയ്യപ്പെടുന്ന നടി നയന്‍താരയാണ്.
ഒരേ കാലഘട്ടത്തില്‍ സിനിമാ രംഗത്തേക്ക് വന്നവരാണിവര്‍. തമിഴിലും തെലുങ്കിലും ഒരേ പോലെ സജീവമായവര്‍. സൂപ്പര്‍താര സിനിമകള്‍ ഇരുവരെയും തേടി വന്നു. ഇന്ന് കരിയര്‍ മറ്റൊരു ഘട്ടത്തിലേക്ക് എത്തിയപ്പോഴും ഇവര്‍ ഒരേപോലെ മുന്നേറുന്നു. തീര്‍ത്തും വ്യത്യസ്തരാണ് തൃഷയും നയന്‍താരയും. വര്‍ഷങ്ങളായി ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇവര്‍ തമ്മില്‍ സൗഹൃദമില്ല.
താരമെന്ന ചിന്തയില്ലാതെ പെരുമാറുന്ന വ്യക്തിയെന്നാണ് തൃഷയെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറയാറുള്ളത്. എന്നാല്‍ നയന്‍താര പെട്ടെന്ന് സഹപ്രവര്‍ത്തകരുമായി അടുക്കുന്നയാളല്ല. സമാകാലീനരായ നായിക നടിമാരുടെ മികച്ച പെര്‍ഫോമന്‍സുകളെക്കുറിച്ച് പറയാന്‍ തൃഷയ്ക്ക് മടിയില്ല. എന്നാല്‍ നയന്‍താര പൊതുവെ മറ്റ് നായിക നടിമാരെ പ്രശംസിക്കുന്ന ആളല്ല.
സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ തമ്മില്‍ അന്തരമുണ്ട്. 110 കോടിയുടെ ആസ്തി തൃഷയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നയന്‍താരയുടെ ആസ്തി 200 കോടിക്ക് മുകളിലാണ്. പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളുമുള്ളയാളാണ് നയന്‍താര. കോടികള്‍ വിലയുള്ള ബംഗ്ലാവിലാണ് നടി താമസിക്കുന്നത്. സിനിമയ്ക്ക് പുറമെ ബിസിനസ് ലോകത്തും താരം വളരുന്നു. സ്‌കിന്‍ ബ്രാന്‍ഡും മറ്റ് ബിസിനസുകളും താരത്തിനുണ്ട്. നിരവധി കമ്പനികളില്‍ നിക്ഷേപവുമുണ്ട്.
നയന്‍താരയുടെ ആഡംബര ജീവിതം ആരാധകര്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ തൃഷ ഇതില്‍ നിന്നും വ്യത്യസ്തയാണ്. പുറമേക്ക് സിംപിളായി തോന്നുന്നതിനാല്‍ തൃഷയുടെ ലൈഫ് സ്റ്റൈലിനെക്കുറിച്ച് പലര്‍ക്കുമറിയില്ല. നയന്‍താരയെ പോലെ തന്നെ കോടികളുടെ ബംഗ്ലാവുകള്‍ തൃഷയ്ക്കുണ്ട്. ഹൈദരാബാദില്‍ ആറ് കോടിയുടെ ബംഗ്ലാവും ചെന്നൈയില്‍ 10 കോടിയുടെ ബംഗ്ലാവും നടിക്കുണ്ടെന്നാണ് വിവരം. ലക്ഷ്വറി കാറുകളുടെ ഒരു ശേഖരവും നടിക്കുണ്ട്.
മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, റേഞ്ച് റോവര്‍, മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ് തുടങ്ങിയ കാറുകള്‍ തൃഷയ്ക്കുണ്ട്. എന്നാല്‍ തന്റെ സ്വകാര്യ ജീവിതം നടി പൊതുവെ ലൈം ലൈറ്റിലേക്ക് കൊണ്ട് വരാറില്ല. സോഷ്യല്‍ മീഡിയയില്‍ താനെങ്ങനെ ജീവിക്കുന്നു എന്ന് കാണിക്കാന്‍ താല്‍പര്യമില്ലെന്ന് നടി ഒരിക്കല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കിയിരുന്നു.
നയന്‍താരയേക്കാള്‍ മികച്ച അവസരങ്ങള്‍ ഇന്ന് തൃഷയ്ക്കാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്നത്. തഗ് ലൈഫാണ് തമിഴില്‍ നടിയുടെ പുറത്തിറങ്ങാനുള്ള സിനിമ. കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മണിരത്നമാണ്. മലയാളത്തില്‍ ഐഡന്റിറ്റി എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍.