CrimeNEWS

വ്യാപാരിയായ യുവാവിനെ കാണാനില്ല; പരാതിയുമായെത്തിയ അമ്മയെ പൊലീസ് ഭീക്ഷണിപ്പെടുത്തി തിരിച്ചയച്ചു; പിന്നാലെ സ്റ്റേഷന് മുന്നില്‍ പ്രതിഷേധം; ഗതികെട്ട് പൊലീസ് അന്വേഷണത്തിനിറങ്ങി; ഒടുവില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം

മംഗളൂരു: കര്‍ണാടകയിലെ ബില്ലിനെലെയില്‍ യുവ വ്യാപാരിയുടെ കൊലപാതകം തെളിഞ്ഞത് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍. ദക്ഷിണ കന്നട ജില്ലയില്‍ കഡബ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബില്ലിനെലെ മുഗ്ളിബജലുവ് സ്വദേശിയായ കര്‍ട്ടന്‍ വ്യാപാരിയാണ് സന്ദീപ് (29) ആണ് കൊല്ലപ്പെട്ടത്. കാണാതായ സന്ദീപിന്റെ മൃതദേഹം കുക്കെ സുബ്രഹ്‌മണ്യ റോഡില്‍ വനത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെട്ടനഡ ചെണ്ടെഹിതിലുവിലെ പ്രതീഖിനെ (31) പൊലീസ് പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു.

സന്ദീപിനെ കാണാതായത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചു, കൂട്ടു പ്രതികളെ തിരയുന്നില്ല എന്നീ ആക്ഷേപങ്ങള്‍ ഉന്നയിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു പൊലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം 27നാണ് സന്ദീപിനെ കാണാതായത്. മുര്‍ഡലില്‍ വിനയ് എന്നയാളുമായി ചേര്‍ന്ന് സന്ദീപ് വ്യാപാരം ചെയ്തിരുന്നു. വിനയ് നല്‍കിയ വിവരമാണ് സന്ദീപിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായത്. പ്രതീഖുമൊത്താണ് ഒടുവില്‍ കണ്ടതെന്ന് വിനയ് സന്ദീപിന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സന്ദീപിനെ കാണാതായത് സംബന്ധിച്ച് പരാതി നല്‍കാന്‍ ചെന്ന മാതാവിനെ പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും ആരോപണമുണ്ട്.

Signature-ad

കുടുംബം പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് മൂന്നാം ദിവസമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ പ്രതീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സന്ദീപിനെ കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പ്രതിയുമായി പൊലീസ് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തി. വനത്തില്‍ മൃതദേഹം ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിന് കാണിച്ചു കൊടുത്തു.

അതേസമയം, പ്രതീഖിന് ഒറ്റക്ക് കൊല നടത്തി മൃതദേഹം വനത്തില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ സംഘടിച്ച നാട്ടുകാര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും ആക്ഷേപം ഉന്നയിച്ചു. സന്ദീപിനെ കാണാതായ മുതല്‍ കുടുംബം സമീപിച്ചിട്ടും പഞ്ചായത്ത് പ്രസിഡന്റോ അംഗങ്ങളോ സഹായമോ സഹകരണമോ നല്‍കിയില്ലെന്നും, കേസിലെ കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: