ഒരു വ്യക്തി ദിനചര്യയില്‍ പിന്തുടരുന്ന പല കാര്യങ്ങളും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും. ആരോഗ്യകരമായ നേട്ടങ്ങള്‍ മാത്രമല്ല മാനസികമായും ഇത് വളരെ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഇതില്‍ പ്രധാനമാണ് രാവിലെ എഴുന്നേറ്റയുടന്‍ ചെയ്യുന്ന കാര്യങ്ങള്‍. പ്രഭാത്തില്‍ പിന്തുടരുന്ന പല ശീലങ്ങളും പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നതാണ്. കൊളസ്ട്രോള്‍ പലരെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ്. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് കൊളസ്ട്രോളിന് കാരണമാകുന്നത്.
പ്രഭാത ഭക്ഷണം
നല്ല പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിച്ച് ദിവസം ആരംഭിക്കുന്നതിലൂടെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. നല്ല നാരുകള്‍ ഉള്ള ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ലയിക്കുന്ന നാരകള്‍ അടങ്ങിയിട്ടുള്ള ഫ്രഷ് പഴങ്ങള്‍, ഓട്സ്, മുഴു ധാന്യങ്ങള്‍ തുടങ്ങിയവ ഏറെ നല്ലതാണ്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പ്രതിദിനം 5 മുതല്‍ 10 ഗ്രാം വരെ ലയിക്കുന്ന ഫൈബര്‍ കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഏകദേശം 5 ശതമാനം കുറയ്ക്കും.
ബദാം
മോണസാച്യുറേറ്റഡ് കൊഴുപ്പ് ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. രാവിലെ സ്നാക്സായിട്ട് ബദാം കഴിക്കാം. അതുപോലെ വാള്‍നട്സും ഏറെ നല്ലതാണ് കൊളസ്ട്രോള്‍ കഴിക്കാന്‍. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ മികച്ചതാണ്.
ഫ്ലാക്സ് സീഡ്സ്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ഫ്ലാക്സ് സീഡ്സ്. ഇത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ മികച്ചതാണ് ഫ്ലാക്സ് സീഡ്സ്. പ്രഭാത ഭക്ഷണമായി കഴിക്കുന്ന ഓട്സിലോ അല്ലെങ്കില്‍ ഫ്രൂട്ടസിനൊപ്പമോ അല്‍പ്പം ഫ്ലാക്സ് സീഡ്സ് കൂടി ചേര്‍ത്ത് കഴിക്കാന്‍ ശ്രമിക്കുക. പ്രമേഹം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മാറ്റാന്‍ കഴിയുന്നതാണ് ഫ്ലാക്സ് സീഡ്സ്.
ഓറഞ്ച് ജ്യൂസ്
രാവിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത്. ഇതില്‍ ധാരാളം ഫ്ലവനോയ്ഡ്സ് അടങ്ങിയിട്ടുണ്ട്. രാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് ജ്യൂസ് നാല് ആഴ്ച തുടര്‍ച്ചയായി കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.
പ്രഭാത നടത്തം
വ്യായാമം പല തരത്തില്‍ ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വ്യായാമം ചെയ്യണം. രാവിലെ ഇളം വെയില് കൊണ്ട് നടക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. കുറഞ്ഞത് 30 മിനിറ്റെങ്കിലും ദിവസവും നടക്കാന്‍ ശ്രമിക്കുക.