Breaking NewsKeralaLead NewsNEWSTravel

കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് നിരത്തിലിറങ്ങാൻ തയ്യാർ; തിരുവനന്തപുരം – കൊച്ചി സർവ്വീസ് അടുത്ത ആഴ്ച മുതൽ; ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും ഉൾപ്പെടുന്ന സൗകര്യങ്ങൾ; കണ്ടക്ടറില്ല, പകരം ‘ബസ് ഹോസ്റ്റസ്’

തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. ആദ്യമായി എയർഹോസ്റ്റസ് മാതൃകയിൽ ബസിൽ ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. 2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്ആർടിസി ഇതിനായി വാങ്ങിയത്.

പുലർച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെട്ടതിനു പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേസമയം തന്നെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് ബസ് യാത്ര തിരിക്കും. രാവിലെ 10 നു മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സർവീസ്. ബസിൽ പ്രത്യേക ടിക്കറ്റ് നിരക്കായിരിക്കും. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നൽകണം. തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്.

Signature-ad

ടിക്കറ്റ് നേരത്തേ റിസർവ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. റിസർവ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല. തിരഞ്ഞെടുപ്പിന് മുൻപ് മന്ത്രി കെ.ബി.ഗണേഷ്കുമാർ ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയെങ്കിലും ഔദ്യോഗികമായി രംഗത്തിറക്കാൻ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം സാധിച്ചില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും ബസ് സർവീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി.

ബസിൽ കണ്ടക്ടർ ഉണ്ടാവില്ലെന്നും പകരം ടിക്കറ്റ് പരിശോധിക്കാനും ഭക്ഷണം എടുത്തു നൽകാനുമൊക്കെയായി ഒരു ‘ബസ് ഹോസ്റ്റസ്’ ആയിരിക്കും ഉണ്ടാവുകയെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു. ‘വോൾവോയുടെ ബസ് ആണ്. അതിന്റെ ബാക്കി കാര്യങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ബസിൽ പാൻട്രിയും ടോയ്‍ലെറ്റും ഹോസ്റ്റസും ഉണ്ടാകും. രാവിലെ ഒരു ബസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും അവിടെ നിന്ന് ഒരു ബസ് തിരിച്ചും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ടിക്കറ്റ് നേരത്തേ തന്നെ ബുക്ക് ചെയ്യണം. ഈ സമയത്ത് ഭക്ഷണത്തിന്റെ ഒരു മെനു ഉണ്ടാകും. ആ സമയത്ത് തന്നെ ഭക്ഷണവും ഓർഡർ ചെയ്യാം. മിന്നൽ സർവീസിന്റെ മാതൃകയിൽ ആയതിനാൽ അധികം സ്റ്റോപ്പ് ഉണ്ടാകില്ല. എല്ലാ ടിക്കറ്റും തിരുവനന്തപുരത്തേക്ക് ആണെങ്കിൽ എവിടെയും നിർത്തില്ല. അല്ലെങ്കിൽ ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും. ബസിൽ കണ്ടക്ടർ ഉണ്ടാവില്ല. പകരം ടിക്കറ്റ് പരിശോധിക്കാനും ഭക്ഷണം എടുത്തു നൽകാനുമൊക്കെയായി ഒരു ‘ബസ് ഹോസ്റ്റസ്’ ആയിരിക്കും ഉണ്ടാവുക. ബസ് പുറത്തിറങ്ങിക്കഴിഞ്ഞാൽ ഞാൻ ഒന്ന് ഓടിച്ചു നോക്കും’’– അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: