Breaking NewsLead NewsNEWSWorld

ബീബിയെ ഒരാഴ്ചത്തേക്ക് അങ്ങ് ബ്ലോക്ക് ചെയ്തേക്ക്, കൂടെ ഫോണും ഓഫാക്കിക്കോ, എന്നിട്ട് ലഘുവായ അത്താഴ കഴിച്ച് നന്നായി ഉറങ്ങിക്കോളു, ഇറാനും ഫോർമൂസുമൊക്കെ ഞങ്ങൾ നോക്കിക്കോളും- ട്രംപിനെ പരി​ഹസിച്ച് ഇറാന്റെ പോസ്റ്റ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞും സമീപകാല പ്രസ്താവനകളെ പരിഹസിച്ചും ഇറാന്റെ പോസ്റ്റ്. ഹോർമുസ് കടലിടുക്ക് സ്ഥിരമായി തുറന്നുകിടക്കാൻ ടെഹ്‌റാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ വാദങ്ങളോട് പ്രതികരിച്ചുകൊണ്ട്, സിംബാബ്‌വെയിലെ ഇറാനിയൻ എംബസി എക്സിലെ ഒരു പോസ്റ്റിലൂടെ യുഎസ് പ്രസിഡന്റിനെ കണക്കറ്റ് കളിയാക്കി രം​ഗത്തെത്തി.

ഇറാനിയൻ എംബസി ട്വീറ്റ് ഇങ്ങനെ-

Signature-ad

1. അധികം സന്തോഷവതിയായി കാണിക്കാതിരിക്കാൻ ശ്രമിക്കുക. അൽപ്പം അന്തസ്സ് പുലർത്തുക
2. ഇറാൻ കടലിടുക്കിന്റെ പുതിയ നിയമവ്യവസ്ഥയെക്കുറിച്ച് ഒരിക്കലും ചിന്തിക്കരുത്. ഞങ്ങൾ അത് ശരിയാക്കിക്കോളും
3. ഫോൺ ഓഫ് ചെയ്യുക, വിശ്രമിക്കുക, ഇനി പോസ്റ്റുകൾ വേണ്ട, ബീബിയെ ഒരു ആഴ്ചത്തേക്ക് ബ്ലോക്ക് ചെയ്യുക,
4. ലഘുവായ അത്താഴം കഴിച്ച് നന്നായി ഉറങ്ങുക.

അതേസമയം വെള്ളിയാഴ്ച ട്രംപ് നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമത്തിലിട്ടിരുന്നു. ഇതിൽ ഇറാൻ കടലിടുക്ക് തുറന്നുകിടക്കുമെന്നും ഭാവിയിലെ സംഘർഷങ്ങളിൽ ഇതിനെ ഉപയോഗിക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.”ഇറാൻ ഹോർമുസ് കടലിടുക്ക് ഒരിക്കലും അടയ്ക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് ലോകത്തിനെതിരായ ഒരു ആയുധമായി ഇനി ഉപയോഗിക്കില്ല,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതുപോലെ ഇറാൻ തങ്ങളുടെ യുറേനിയം ശേഖരം യുഎസിന് കൈമാറുമെന്നും ട്രംപ് സൂചിപ്പിച്ചു.

എന്നാൽ ഇറാൻ ഉദ്യോഗസ്ഥർ ഈ അവകാശവാദങ്ങളെ ശക്തമായി എതിർത്തു. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ട്രംപിന്റെ പ്രസ്താവനകളെ വിമർശിച്ചു, “ഒരു മണിക്കൂറിനുള്ളിൽ ഏഴ് വ്യാജ അവകാശവാദങ്ങൾ” നടത്തിയെന്ന് ഗാലിബാഫ് പരിഹസിച്ചു. നാവിക ഉപരോധം പോലുള്ള യുഎസ് നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ നിർണായകമായ ജലപാത അടച്ചിടാനുള്ള ഓപ്ഷൻ ഇറാനിൽ നിലവിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം വെള്ളിയാഴ്ച ട്രംപ് പങ്കുവച്ച മറ്റൊരു പോസ്റ്റിൽ, സമാധാന കരാർ ഒപ്പിടുന്നതുവരെ ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുമെന്ന് ട്രംപ് സൂചിപ്പിച്ചു. യുഎസ് സഹായത്തോടെ ഇറാൻ കടൽപ്പാതയിൽ നിന്ന് മൈനുകൾ നീക്കം ചെയ്യുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: