Breaking NewsKeralaLead NewsNEWS

കോളേജിൻറെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങൾ എങ്ങനെ ചോർന്നു? ദൃശ്യങ്ങൾ പുറത്തുവിട്ടത് ഡോ. റാമിനെ സഹായിക്കാൻ!! അന്വേഷണത്തിലെ പലകാര്യത്തിലും വ്യക്തതയില്ല, പോലീസ് അന്വേഷണത്തിൽ തൃപ്തരല്ല, കേസ് അട്ടിമറിക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നു- കുടുംബം

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നി​തി​ൻ രാ​ജി​ൻറെ മ​ര​ണവുമായി ബന്ധപ്പെട്ട് പോലീസ് ന‌ടത്തുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. ഈ കേസ് അട്ടിമറിക്കാൻ കോളേജ് അധികൃതർ ശ്രമിക്കുകയാണെന്നും അന്വേഷണത്തിലെ പലകാര്യത്തിലും വ്യക്തതയില്ലെന്നും കേസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും നിതിൻറെ സഹോദരി ഭർത്താവ് അശോക് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.

നിതിൻ മരിച്ചതിനു പിന്നാലെ കോളേജ് പ്രിൻസിപ്പലിൻറെ മുറിയിൽ നിതിനെ ചോദ്യം ചെയ്തതിൻറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ എങ്ങനെ പുറത്തുവന്നു?. കോളേജിൻറെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങൾ എങ്ങനെയാണ് ചോർന്നതെന്നും ഇതിൽ അട്ടിമറി സംശയിക്കുന്നുണ്ടെന്നും അശോക് കുമാർ വ്യക്തമാക്കി.

Signature-ad

അതുപോലെ നിതിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അധ്യാപകനായ ഡോ. റാമിനെ സഹായിക്കുന്നതിനായാണ് ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ ചോർത്തിയത്. മുൻപ് സന്തോഷവാനായിരുന്ന നിതിൻ വിഷമത്തിലായത് പ്രിൻസിപ്പലിൻറെ മുറിയിൽ നടന്ന സംഭവത്തിനുശേഷമാണ്. അന്ന് പ്രിൻസിപ്പൽ റൂമിൽ നടന്ന ടോർച്ചറാണ് മരണകാരണം. കോടതി വിചാരണയാണ് അവിടെ നടന്നത്.

ഇനി ലോൺ ആപ്പ് ഭീഷണി ഉണ്ടായിരുന്നെങ്കിൽ അക്കാര്യം എന്തുകൊണ്ട് രക്ഷിതാക്കളോട് കോളേജ് അധികൃതർ അറിയിച്ചില്ല? എന്നും അശോക് കുമാർ ചോദിച്ചു. ഒരു കോളേജ് പ്രിൻസിപ്പലും ചെയ്യേണ്ട കാര്യമല്ല ചെയ്തിരിക്കുന്നത്. എഫ്ഐആറിലെ പരാതിക്കാരൻ പ്രിൻസിപ്പലാണെന്നും പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും അശോക് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പ്രതികളെ സൈബർ പോലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും സിമ്മുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. തുടർന്ന് പ്രതികളെ കണ്ണൂരിലെത്തിച്ചു. ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികൾ. നിതിൻറെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് നിതിൻറെ മാതൃ സഹോദരനും, സഹോദരി ഭർത്താവുമാണ് ഡിജിപിയെ കണ്ടിരുന്നു. ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയും മരണകാരണം ആയെന്ന സംശയത്തിലാണ് പോലീസ്. ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്പ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിൻറെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തി. എന്നാൽ, അന്വേഷണം ലോൺ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനെന്നാണ് കുടുംബം ആരോപിക്കുന്നത്.

നേരത്തെ ലോണുമായി ബന്ധപ്പെട്ട് അടിയന്തരമായി 8000 ലധികം രൂപ അടയ്ക്കണമെന്ന് ലോൺ മാഫിയ സംഘം നിതിന് സന്ദേശം ആയച്ചിരുന്നു. ഇതിന് മറുപടിയായി താൻ പാവമാണെന്നാണ് നിതിൻ അയച്ച ചാറ്റും പൊലീസ് ലഭിച്ചു. ഓൺലൈൻ വായ്പ സംഘം നിതിൻറെ അധ്യാപികയ്ക്കും ഭീഷണി സന്ദേശം അയച്ചെന്ന് പോലീസ് പറയുന്നു. അധ്യാപികയെയും ലോൺ ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് അധ്യാപിക പ്രിൻസിപ്പിലിന് പരാതിയും നൽകി. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

എന്നാൽ, ലോൺ ആപ്പിൽ നിന്ന് പണമെടുത്തത് വീട്ടിൽ അറിഞ്ഞാണെന്നും അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം എടുത്തതെന്നും നിതിൻറെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പക്ഷെ ലോൺ മാഫിയയുടെ ഭീഷണിയെ കുറിച്ച് കോളേജ് അധികൃതർ കുടുംബത്തെ അറിയിച്ചില്ലെന്നും നിതിൻറെ അച്ഛൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: