ന്യൂയോര്‍ക്ക്: കെട്ടിടത്തിന് തീയിട്ട് രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നടിയും മോഡലുമായ നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി(43) യു.എസില്‍ അറസ്റ്റില്‍. മുന്‍ ആണ്‍സുഹൃത്തായ എഡ്വേര്‍ഡ് ജേക്കബ്സ്(35), ഇയാളുടെ സുഹൃത്ത് അനസ്താസിയ എറ്റിനി(33) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ആലിയ അറസ്റ്റിലായത്.
നവംബര്‍ രണ്ടാംതീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍ ആണ്‍സുഹൃത്തായ ജേക്കബ്സും സുഹൃത്തും താമസിക്കുന്ന ഗ്യാരേജ് കെട്ടിടത്തിലെത്തിയ യുവതി ‘ഇന്ന് നിങ്ങളെല്ലാം മരിക്കാന്‍ പോവുകയാണെന്ന്’ പറഞ്ഞ് തീയിടുകയായിരുന്നു. കെട്ടിടത്തിന് മുകള്‍നിലയില്‍ താമസിച്ചിരുന്ന ജേക്കബ്സ് സംഭവസമയം ഉറങ്ങുകയായിരുന്നു. കെട്ടിടത്തിന് തീപിടിച്ചതറിഞ്ഞ് എറ്റിനി മുകള്‍നിലയില്‍നിന്ന് താഴേക്ക് വന്നെങ്കിലും ഉറങ്ങുകയായിരുന്ന ജേക്കബ്സിനെ രക്ഷിക്കാനായി വീണ്ടും മുകളിലേക്ക് പോയി. എന്നാല്‍, അതിനകം കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്ന് ഇരുവരും കുടുങ്ങിപ്പോവുകയും പൊള്ളലേറ്റ് മരണം സംഭവിക്കുകയുമായിരുന്നു.
ഒരുവര്‍ഷം മുന്‍പ് ജേക്കബ്സ് ആലിയയുമായുള്ള സൗഹൃദം ഉപേക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, യുവതി ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. സൗഹൃദത്തില്‍നിന്ന് പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജേക്കബ്സിന്റെ വീടിന് തീയിടുമെന്ന് യുവതി നേരത്തെ ഭീഷണിപ്പെടുത്തിയതായി സാക്ഷിമൊഴികളുമുണ്ട്.
പ്ലംബറായി ജോലിചെയ്യുന്ന മകന്‍ ഗ്യാരേജ് കെട്ടിടം അപ്പാര്‍ട്ട്മെന്റായി മാറ്റുന്ന പ്രവൃത്തിയിലായിരുന്നുവെന്ന് ജേക്കബ്സിന്റെ മാതാവ് ജാനറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരുവര്‍ഷം മുന്‍പ് ജേക്കബ്സ് ആലിയയുമായുള്ള ബന്ധം വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍, ആലിയ ഇത് അംഗീകരിക്കാന്‍ സമ്മതിച്ചില്ലെന്നും ജാനറ്റ് പറഞ്ഞു.
അതേസമയം, മകള്‍ കൊലപാതകം ചെയ്തതായി വിശ്വസിക്കാനാകുന്നില്ലെന്ന് ആലിയ ഫക്രിയുടെ മാതാവും പ്രതികരിച്ചു. എല്ലാവരെയും സഹായിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ആലിയയെന്നും മാതാവ് പറഞ്ഞു.
ആലിയയുടെ സഹോദരി നര്‍ഗീസ് ഫക്രി നടിയും മോഡലുമാണ്. അമേരിക്കയില്‍ മോഡലിങ് രംഗത്ത് തിളങ്ങിയ നര്‍ഗീസ് ഫക്രി 2011-ല്‍ ‘റോക്സ്റ്റാര്‍’ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മദ്രാസ് കഫെ, മെയിന്‍ തേരാ ഹീറോ, ഹൗസ്ഫുള്‍ 3 തുടങ്ങിയ ബോളിവുഡ് സിനിമകളിലും 2015-ല്‍ പുറത്തിറങ്ങിയ ‘സ്പൈ’ എന്ന ഹോളിവുഡ് സിനിമയിലും നര്‍ഗീസ് ഫക്രി അഭിനയിച്ചിരുന്നു.