KeralaNEWS

കൈയിലിരുന്ന ചെറിയ ഫോണ്‍ കുറുനരിയുടെ വായിലേക്കിട്ട് രക്ഷപെട്ടു; കുറിച്ചിയില്‍ കുറുനരി ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരുക്ക്

കോട്ടയം: കുറിച്ചിയില്‍ കുറുനരിയുടെ ആക്രമണത്തില്‍ കൈയ്ക്കു ഗുരുതര പരുക്കേറ്റ് യുവതി ചികിത്സയില്‍. കുറിച്ചി പെരുന്നേപ്പറമ്പ് സ്വദേശി ബിന്‍സി സജിക്കാണ് പരുക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10നാണു ബിന്‍സിയുടെ നേരെ കുറുനരിയുടെ ആക്രമണം ഉണ്ടായത്. പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള കലാപരിപാടിയുടെ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതിന് അയല്‍വാസിയെ വിളിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം.

തെരുവുനായയാണെന്നു കരുതി കൈവശമുണ്ടായിരുന്ന തുണി എടുത്തു വീശിയിട്ടും കുറുനരി ചാടി കടിക്കുകയായിരുന്നു. കഴുത്തിനു നേരെയാണ് ആക്രമണം ഉണ്ടായതെങ്കിലും കൈയിലാണു കടിയേറ്റത്. അതേ തുണി ഉപയോഗിച്ചു കുറുനരിയുടെ വായ് മൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പലവട്ടം കൈയില്‍ കടിയേറ്റു. സഹായത്തിനായി നിലവിളിച്ചെങ്കിലും പരിശീലനത്തിന്റെ ശബ്ദം കാരണം ആരും കേട്ടില്ല.

Signature-ad

”നല്ല വെളിച്ചമുള്ള സ്ഥലമായിരുന്നു… ഇത് ഓടിയൊന്നുമല്ല വന്നത്… കാലില്‍ എന്തോ വന്നു മുട്ടിയപ്പോള്‍ താഴേക്കു നോക്കി… അപ്പോള്‍ ഇതു വായും പൊളിച്ചു നില്‍ക്കുന്ന കാഴ്ചയാണു കണ്ടത്… കൈയില്‍ ഉണ്ടായിരുന്ന ചെറിയ ഫോണ്‍ കുറുനരിയുടെ വായില്‍ ഇട്ടപ്പോഴാണ് രക്ഷപ്പെടാനായത് ” – അനുഭവം വിവരിക്കുമ്പോള്‍ ബിന്‍സിയുടെ ശബ്ദത്തില്‍ ഭീതി നിഴലിക്കുന്നുണ്ടായിരുന്നു.

അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയ ബിന്‍സിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഭര്‍ത്താവ് സജിയും സുഹൃത്തു സഞ്ജുവും വാഹനത്തിലേക്കു കയറ്റുമ്പോള്‍ കുറുനരിയുടെ ആക്രമണം വീണ്ടും ഉണ്ടായി. ആക്രമണത്തില്‍ സുഹൃത്തിനു പരുക്കേറ്റു. ഇദ്ദേഹവും ചികിത്സയിലാണ്.

എണ്ണക്കാച്ചിറ ഭാഗത്തേക്ക് ഓടിപ്പോയ കുറുനരിയെ നാട്ടുകാര്‍ ചേര്‍ന്നാണു പിടിച്ചത്. ‘ 3 കയര്‍ ഉപയോഗിച്ചു കെട്ടിയിട്ട കുറുനരി അതു കടിച്ചു പൊട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്ലാസ്റ്റിക് വീപ്പ ഉപയോഗിച്ച് കീഴ്‌പ്പെടുത്തേണ്ടി വന്നു ‘ വാര്‍ഡ് മെംബര്‍ പ്രശാന്ത് മനന്താനം പറഞ്ഞു. വനംവകുപ്പിന്റെ മുണ്ടക്കയത്തെ വണ്ടന്‍പതാല്‍ ഡിവിഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ആക്രമിച്ചതു കുറുനരിയാണെന്നു സ്ഥിരീകരിച്ചത്. കുറുനരിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. പരുക്കുകള്‍ ഇല്ല.

ഓടിപ്പോകുന്ന വഴി തെരുവുനായ്ക്കളെയും കുറുനരി കടിച്ചതായും കാടുകയറി കിടക്കുന്ന റബര്‍ തോട്ടങ്ങളാണ് കുറുനരി ശല്യം വര്‍ധിക്കാനുള്ള കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു. കാടുകയറി കിടക്കുന്ന പ്രദേശങ്ങള്‍ തെളിച്ചു നല്‍കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: