IndiaNEWS

ടോയ്ലെറ്റ് ക്ലീനിങ്, പാത്രങ്ങള്‍ കഴുകല്‍, ഷൂ വൃത്തിയാക്കല്‍… പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിക്കെതിരെ ശിക്ഷാനടപടികളുമായി ‘സിഖ് കോടതി’

ചണ്ഡീഗഢ്: പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിനെതിരെ കൗതുകമുണര്‍ത്തുന്ന ശിക്ഷാനടപടിയുമായി സിഖ് പരമോന്നത മതസഭയായ ‘അകാല്‍ തഖ്ത്’. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലെ ശുചീകരണപ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ‘ഉത്തരവ്’. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും സുഖ്ബീറിന്റെ പിതാവുമായ അന്തരിച്ച പ്രകാശ് സിങ് ബാദലിനെതിരെയും നടപടിയുണ്ട്. പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗമായിരിക്കെ കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ശിരോമണി അകാലിദള്‍(സാദ്) നേതാക്കള്‍ക്കെതിരെ സിഖ് സഭയുടെ ശിക്ഷാനടപടി.

‘അകാല്‍ തഖ്തി’നു കീഴില്‍ നിയമകാര്യ ചുമതല വഹിക്കുന്ന ‘ജതേദാര്‍’ ആയ ഗിയാനി രഘ്ബീര്‍ സിങ് ആണ് വിചാരണാനടപടികള്‍ക്കൊടുവില്‍ ശിക്ഷാവിധി പുറപ്പെടുവിച്ചത്. പഞ്ചാബില്‍ ശിരോമണി അകാലിദള്‍ സര്‍ക്കാര്‍ 2007-2017 കാലയളവില്‍ നടത്തിയ രാഷ്ട്രീയ തീരുമാനങ്ങളിലെ വീഴ്ചകളാണു വിചാരണയ്ക്കു വിധേയമായത്. വിവാദ ആള്‍ദൈവവും ‘ദേര സച്ചാ സൗദ’ തലവനുമായ ഗുര്‍മീത് റാം റഹീമിനെ 2007ലെ മതനിന്ദാ കേസില്‍ കുറ്റവിമുക്തനാക്കിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ‘സിഖ് കോടതി’ സുഖ്ബീറിനെതിരെ ചുമത്തിയിരുന്നത്. 2015ല്‍ സിഖ് വേദഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് നശിപ്പിച്ച കേസും വിചാരണയുടെ ഭാഗമായിരുന്നു.

Signature-ad

അഞ്ച് സിഖ് പണ്ഡിതര്‍ ഉള്‍പ്പെട്ട ബെഞ്ചാണു ‘വിചാരണാ നടപടി’കള്‍ക്കു നേതൃത്വം നല്‍കിയത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം വീല്‍ചെയറില്‍ ‘വിചാരണ’യ്ക്കായി എത്തിയ സുഖ്ബീര്‍ സിങ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. അകാലിദള്‍ സര്‍ക്കാരിന്റെ ഭാഗമായ വേറെയും നേതാക്കളും സിഖ് കോടതിയില്‍ ഹാജരായി. നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി മൂന്നു മാസങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ ശിക്ഷാവിധി വരുന്നത്.

സുഖ്ബീറിനെ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനത്തുനിന്നു നീക്കാനും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഒരു സമിതിയെ നിയമിച്ച് ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ കണ്ടെത്താനും നിര്‍ദേശമുണ്ട്. ഇതോടൊപ്പം, മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനു നല്‍കിയിരുന്ന ‘ഫഖ്റേ ഖൗം'(സമുദായത്തിന്റെ അഭിമാനം) എന്ന ബഹുമതി പിന്‍വലിക്കുകയും ചെയ്തു.

സുവര്‍ണക്ഷേത്രത്തില്‍ സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സുഖ്ബീറിനും മുന്‍ രാജ്യസഭാ അംഗമായ സുഖ്ദേവ് സിങ് ധിന്‍ഡ്സ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും നല്‍കിയ ശിക്ഷ. സന്നദ്ധ സേവകരുടെ ‘സേവാദര്‍’ യൂനിഫോം ധരിച്ച് രണ്ടു ദിവസം സുവര്‍ണക്ഷേത്രത്തിനു പുറത്ത് ഇരിക്കണം. ഒരു മണിക്കൂര്‍ സുവര്‍ണക്ഷേത്രത്തിലെ കമ്യൂണിറ്റി കിച്ചണില്‍ തീര്‍ഥാടകര്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍ കഴുകുകയും ഇവരുടെ ഷൂ വൃത്തിയാക്കുകയും ചെയ്യണം. ഇതിനു പുറമെ ക്ഷേത്രത്തിലെ പൊതുടോയ്ലെറ്റ് ശുചീകരിക്കണം. രണ്ടു ദിവസം വീതം രണ്ട് സിഖ് ‘തഖ്തു’കളിലും ദര്‍ബാര്‍ സാഹിബ്, ഫത്തേപൂര്‍ സാഹിബ് എന്നീ തീര്‍ഥാടനകേന്ദ്രങ്ങളിലും സേവനം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.

സുഖ്ബീറിനും സുഖ്ദേവിനും പുറമെ സിച്ചാ സിങ് ലാംഘ, ഹിറാ സിങ് ഗബ്രിയ, ബല്‍വീന്ദര്‍ സിങ് ബുന്ദര്‍ ഉള്‍പ്പെടെ വേറെയും നേതാക്കള്‍ക്കെതിരെ ശിക്ഷ വിധിച്ചിട്ടുണ്ട്. സുവര്‍ണക്ഷേത്രത്തിലെ ടോയ്ലെറ്റുകള്‍ വൃത്തിയാക്കലാണ് ഇവര്‍ക്കു നല്‍കിയ ശിക്ഷ. പുറമെ കമ്യൂണിറ്റി കിച്ചണിലെ പാത്രങ്ങള്‍ കഴുകുകയും വേണം.

2007 മുതല്‍ 2017 വരെ ശിരോമണി അകാലിദള്‍ മന്ത്രിസഭയുടെ ഭാഗമായിരുന്ന ജീവിച്ചിരിപ്പുള്ള മുഴുവന്‍ നേതാക്കളെയും വിചാരണയ്ക്കായി വിളിപ്പിച്ചിരുന്നു. ഈ കാലയളവില്‍ പാര്‍ട്ടിയുടെ ഉന്നതതല നേതാക്കളും സിഖ് ഗുരുദ്വാരകളുടെ പരിപാലന ചുമതല വഹിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതിയുടെ 2015ലെ ആഭ്യന്തര കമ്മിറ്റി അംഗങ്ങളും ‘സിഖ് കോടതി’ക്കു മുന്നിലെത്തി. കഴിഞ്ഞ ജൂലൈയിലായിരുന്നു വിചാരണാനടപടികള്‍ നടന്നത്. ‘കോടതി’വിധിയോട് ആദരം പ്രകടിപ്പിച്ച് പഞ്ചാബില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ മത്സരിച്ചിരുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: