എറണാകുളം: ചോറ്റാനിക്കരയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അറസ്റ്റില്‍. പുതിയകാവ് സ്വദേശി വിജില്‍ കുമാറി(48)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മന:പൂര്‍വ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് നെട്ടൂര്‍ സ്വദേശി ഷാനി(45)യെ ചോറ്റാനിക്കരയ്ക്ക് സമീപം കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് വിജില്‍ കുമാറിനെ അവശ നിലയില്‍ കണ്ടെത്തിയിരുന്നു. മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു ഇയാള്‍.
വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.