ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാള്‍. ഒരു സഖ്യ രൂപീകരണത്തിനും ആംആദ്മി പാര്‍ട്ടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷമായി ഡല്‍ഹിയിലെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി എംഎല്‍എയെ ജയിലില്‍ അടച്ചു. തനിക്കെതിരായ ആക്രമണങ്ങളില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുകയാണ്. ഇന്നലെ തനിക്കെതിരെ ആക്രമണം ഉണ്ടായി. ഇതില്‍ നടപടി എടുക്കാതെയാണ് എഎപി എംഎല്‍എ നരേഷ് ബില്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കേജ്‌രിവാള്‍ ചോദിച്ചു.
ഇന്നലെ സാവിത്രി നഗര്‍ ഏരിയയില്‍ പ്രചാരണത്തിനിടെയാണ് കേജ്‌രിവാളിനെ ഒരു യുവാവ് കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയില്‍ കരുതിയ ദ്രാവകം അരവിന്ദ് കേജ്‌രിവാളിന്റെ ശരീരത്തിലും ഒഴിച്ചു. എന്ത് ദ്രാവകമാണ് യുവാവ് ഒഴിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.