തിരുവനന്തപുരം: സര്‍ക്കാരിനെ പറ്റിച്ച്, ഖജനാവ് ചോര്‍ത്തി പാവങ്ങളുടെ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ തട്ടിയെടുത്ത ജീവനക്കാര്‍ പതിനായിരം കടക്കും. ഇതുവഴി 50കോടിയാണ് ഖജനാവിന് നഷ്ടം. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പരിശോധനയിലാണ് 1458 ജീവനക്കാരുടെ തരികിട വെളിപ്പെട്ടത്. മൂന്നു വര്‍ഷത്തിനിടെ ഇവര്‍ 8.40കോടി രൂപയാണ് കൈപ്പറ്റിയത്. എന്നാല്‍ 2022ലെ സി.എ.ജിയുടെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 9,201ജീവനക്കാരും പെന്‍ഷന്‍കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായും 39. 27കോടി നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയിരുന്നു
ജില്ലാതലപട്ടികയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇവരെയും ചേര്‍ത്താല്‍ 10,659 ജീവനക്കാരും പെന്‍ഷന്‍കാരും സാമൂഹ്യസുരക്ഷാപെന്‍ഷന്‍ അര്‍ഹതയില്ലാതെ വാങ്ങുന്നുണ്ട്. സി.എ.ജി.റിപ്പോര്‍ട്ടിനു പിന്നാലെ, ഇത്തരക്കാര്‍ സ്വയം പിന്‍മാറണമെന്ന് ധനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇങ്ങനെ പിന്‍മാറിയവരുടെ കണക്ക് വരുമ്പോള്‍ തട്ടിപ്പുകാരുടെ എണ്ണം കൂടും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നവരുടെ കണക്ക് പരിശോധിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് കണ്ടെത്തിയാല്‍ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങള്‍ക്കായിരിക്കും എന്ന മുന്നറിയിപ്പും നല്‍കി. തട്ടിപ്പ് സൂഷ്മമായി പരിശോധിക്കാനും ധനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
ഒന്നാം പിണറായി സര്‍ക്കാര്‍ 29,622.67കോടിയും രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 32,100 കോടിയും ആണ് ക്ഷേമപെന്‍ഷനായി ചെലവാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സാമൂഹ്യകരുതലായി നല്‍കുന്ന തുകയാണ് തട്ടിയെടുത്തത്. പണമില്ലാത്തതിനാല്‍ നാലു മാസത്തെ പെന്‍ഷന്‍ കുടിശികയാണ്.
വിധവ, വികലാംഗ പെന്‍ഷന്‍, മാനസിക വൈകല്യ പെന്‍ഷന്‍, അന്‍പത് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവയുടെ പേരിലാണ് കൂടുതല്‍ തട്ടിപ്പ്. ഇവരില്‍ പലരും പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കെയാണ് സര്‍വ്വീസില്‍ കയറിയത്. സര്‍വ്വീസില്‍ കയറിയ ശേഷവും ഇത് തുടര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ പെന്‍ഷന് അപേക്ഷ സമര്‍പ്പിക്കുമ്പോഴും പരിശോധനയിലും അംഗീകാരം നല്‍കുന്നതിലും പിഴവുണ്ടെന്ന സൂചനയാണിത്. മുന്‍ പരിശോധനയില്‍ ഒരേ ഗുണഭോക്താക്കള്‍ രണ്ട് പെന്‍ഷനുകള്‍ വാങ്ങുന്നതായും സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാതെ പെന്‍ഷന്‍ അനുവദിച്ചതായും കണ്ടെത്തിയിരുന്നു.