KeralaNEWS

സ്ത്രീകള്‍ ചിതറിയോടിയത് ആനയെ കണ്ട്, 14 മണിക്കൂര്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ ആശ്വാസം

എറണാകുളം: കോതമംഗലം കുട്ടമ്പുഴയില്‍ പശുക്കളെ തിരഞ്ഞു വനത്തിനുള്ളില്‍ പോയ മൂന്നു സ്ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കണ്ടെത്തിയത്. വനത്തില്‍ നിന്നും 6 കിലോമീറ്റര്‍ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണു സ്ത്രീകളെ കണ്ടെത്തിയത്. ആശങ്ക നിറഞ്ഞ 14 മണിക്കൂറുകള്‍ക്കൊടുവിലാണ് മൂവരേയും കണ്ടെത്തിയ വിവരം ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചത്.

ബുധനാഴ്ചയാണ് ഇവരുടെ പശുവിനെ കാണാതായത്. മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനല്‍ പ്ലാന്റേഷന്‍) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്.

Signature-ad

പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങള്‍ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. വനാതിര്‍ത്തിയിലാണ് ഇവരുടെ വീട്. ഇതിനിടെ കാണാതായ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാര്‍ ആശങ്കയിലായത്.

മായയുടെ കൈവശമുള്ള മൊബൈലില്‍നിന്ന് വൈകിട്ട് 4.15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വരുമ്പോള്‍ ഒരുകുപ്പി വെള്ളവും കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. വനപാലകര്‍ ഫോണില്‍ പാറപ്പുറം ഏത് ഭാഗത്താണെന്ന് ചോദിച്ചെങ്കിലും സ്ഥലം കൃത്യമായി പറയാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തിരച്ചില്‍ നടത്തിയ നാട്ടുകാരില്‍ ഒരാള്‍ 5-ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ ബന്ധം നിലച്ചു.

വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാര്‍, കുട്ടംപുഴ സി.ഐ: പി.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ തിരച്ചിലിനിറങ്ങിയത്. അന്വേഷണ സംഘവും ആനയുടെ മുന്നില്‍ അകപ്പെട്ടു. ഡ്രോണുപയോഗിച്ചും പരിശോധന നടത്തി.ഒടുവില്‍ വെള്ളിയാഴ്ച രാവിലെയാണ് വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്ന് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്. രാത്രി മുഴുവന്‍ പാറയ്ക്കു മുകളിലാണ് ഇവര്‍ കഴിച്ച് കൂട്ടിയതെന്നാണ് വിവരം. മൂന്നു പേരും സുരക്ഷിതരാണെന്നും ഇവരെ ഉടന്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നും മലയാറ്റൂര്‍ ഡി.എഫ്.ഒ ശ്രീനിവാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: