KeralaNEWS

കുട്ടേട്ടന്‍ പെട്ടൂട്ടോ!!! മഞ്ഞുമ്മല്‍ ബോയ്സ് 148 കോടിയിലേറെ വരുമാനമുണ്ടാക്കി; പറവ ഫിലിംസിലെ റെയ്ഡില്‍ കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; സൗബിന്‍ ഷാഹിറിനോട് വിശദീകരണം തേടും

കൊച്ചി: പറവ ഫിലിംസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നടനും നിര്‍മാതാവുമായിരുന്ന സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

റെയ്ഡില്‍ നിര്‍ണ്ണായക രേഖകളും കണ്ടെത്തിയതായി വിവരമുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ആദായനികുതി വിഭാഗം പരിശോധന നടത്തിയത്. സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാല്‍ 44 കോടി രൂപ ആദായനികുതി ഇനത്തില്‍ നല്‍കേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കേന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്.

Signature-ad

നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. അതേസമയം, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തത് സഹായി ഷോണ്‍ ആണെന്നാണ് സൗബിന്റെ വിശദീകരണം. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണ സ്ഥാപനത്തിലും റെയ്ഡ് നടന്നത്. പരിശോധനയില്‍ പറവ ഫിലിംസ് യഥാര്‍ഥ വരുമാന കണക്കുകള്‍ നല്‍കിയില്ലെന്ന് ഐടി വൃത്തങ്ങള്‍ പറയുന്നു.

പണം വന്ന സോഴ്സ് അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.

പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് എന്നിവ അടക്കമുള്ള ഇടങ്ങളിലാണു കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. രണ്ടു സിനിമാ കമ്പനികളുടെയും സാമ്പത്തിക സ്രോതസുകളെക്കുറിച്ചാണു പ്രധാന പരിശോധനയെന്ന് ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും കണക്കുകള്‍ മറച്ചുവച്ചെന്നും ആദായ നികുതി വകുപ്പു വ്യക്തമാക്കി.

സിനിമാ മേഖലയില്‍ കള്ളപ്പണമിടപാടു നടക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നു സിനിമാ നിര്‍മാണക്കമ്പനികളെ കേന്ദ്രീകരിച്ച് ഇ.ഡി. അന്വേഷണം നടത്തിവരികയായിരുന്നു. ഈ ഘട്ടത്തിലാണു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിര്‍മാതാവായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു ആരോപണം.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പിന്റെ ഇടപെടല്‍.

സിറാജ് പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ പോലീസ് മൊഴിരേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പോലീസ് ശേഖരിക്കുകയും ചെയ്തിരുന്നു. ഇതില്‍നിന്നാണു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നു വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു പോലീസ് കേസെടുത്തത്.

സിറാജ് ഏഴു കോടി രൂപയാണു സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണു ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍, 18.65 കോടിമാത്രമായിരുന്നു നിര്‍മാണച്ചെലവ്.

ഷൂട്ടിങ് തുടങ്ങും മുമ്പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരനു പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയതു കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 40 ശതമാനം ലാഭവിഹിതമാണു പരാതിക്കാരനു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍, സിനിമ വന്‍ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്നു വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ഏകദേശം 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് വലിയവീട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: