CrimeNEWS

ബെംഗളൂരുവിലെ യുവതിയുടെ കൊലപാതകം ആസൂത്രിതം; പ്രതിക്കായി അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: ഇന്ദിരാനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ ആരവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതോടെ കണ്ണൂര്‍ സ്വദേശി ആരവിനെ തിരഞ്ഞ് പോലീസ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് മൃതശരീരം കാണപ്പെട്ടത്.

Signature-ad

ഇരുവരും പ്രണയത്തിലായിരുന്നെന്നും മായയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരവ് യുവതിയുമായി അപ്പാര്‍ട്‌മെന്റില്‍ എത്തിയതെന്നും പോലീസ് പറയുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്‌ക്കെത്തിയത്, ബെഗുളുരു ഈസ്റ്റ് ഡിസിപി ദേവരാജ് പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുക്കാന്‍ ഇരുവരും ഒരുമിച്ചെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നുകളഞ്ഞതായാണ് പോലീസ് പറയുന്നത്. ആരവ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ആദ്യമേ സംശയിച്ചിരുന്നു.

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍കൂടിയായിരുന്നു കൊല്ലപ്പെട്ട മായ ഗൊഗോയി. ഫാഷന്‍, ഫുഡ് ചാലഞ്ചുകളും ദൈനംദിന ജീവിതവുമടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു അവര്‍ യൂട്യൂബ് വീഡിയോയില്‍ അവതരിപ്പിച്ചിരുന്നത്.

Back to top button
error: