തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ശരിക്കും പണി തുടങ്ങി. ബിജെപിയിലെ അസംതൃപ്തരെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് അദ്ദേഹം. ഇത് വ്യക്തമാക്കി ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തുന്ന ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്ന ഉറപ്പും അദ്ദേഹം നല്‍കുന്നുണ്ട്. ‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാന്‍ , കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാന്‍ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്’. എന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. ബിജെപിയിലെ അസംതൃപ്തരെയാണ് സന്ദീപ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
കഴിഞ്ഞദിവസം ബിജെപിയില്‍ നിന്ന് രാജിവച്ച വയനാട് മുന്‍ ജില്ലാപ്രസിഡന്റ് കെ പി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കവും സന്ദീപ് വാര്യര്‍ തുടരുകയാണ്. മധുവുമായി അദ്ദേഹം ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടുവെന്നും ആലോചിച്ച് മറുപടി അറിയിക്കാമെന്ന് പറഞ്ഞതായും കെ പി മധു ഒരു സ്വകാര്യ ചാനലിനോട് പറയുകയും ചെയ്തു.
മധുവിനെ എല്‍ഡിഎഫിലെത്തിക്കാനുള്ള നീക്കവും സജീവമാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ എല്‍ഡിഎഫുമായോ യുഡിഎഫുമായോ സഹകരിക്കുമെന്നും മധു വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചശേഷം ബിജെപിക്കാര്‍ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ചില പ്രാദേശിക പ്രവര്‍ത്തകര്‍ അവരുടെ വിഷമം പറഞ്ഞിരുന്നുവെന്നും മധു വ്യക്തമാക്കി. നേതൃത്വവുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ഇന്നലെയാണ് ബിജെപിയില്‍ നിന്ന് മധു രാജിവച്ചത്.
സന്ദീപ് വാര്യര്‍ക്കും മധുവിനും പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക് ചുവടുമാറുമോ എന്ന് സംസ്ഥാന നേതൃത്വത്തിന് ഭയമുണ്ട്. നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏറെ ജനസ്വാധീനമുള്ള സന്ദീപ് വാര്യരെ പിണക്കി കോണ്‍ഗ്രസിലെത്തിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും പറയുന്നത്. അതിന്റെ ഫലം പാലക്കാട്ടെ തിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടിയില്‍ ഇതുപോലെ നേതാക്കള്‍ പരസ്പരം പാരവയ്പ്പുമായി ഇറങ്ങിയാല്‍ എങ്ങനെ ജനങ്ങള്‍ പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കുമെന്നും അവര്‍ ചോദിക്കുന്നു.
അതേസമയം, കേരളത്തിലെ തര്‍ക്കത്തില്‍ കെ.സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ. സംസ്ഥാന അദ്ധ്യക്ഷനായി നിയമസഭാ തിരഞ്ഞെടുപ്പ് വരെ സുരേന്ദ്രന്‍ തുടരട്ടെയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പാലക്കാട്ടെ തോല്‍വി സംബന്ധിച്ച് സുരേന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം അംഗീകരിച്ചു. പാലക്കാട് ബിജെപി നേതാക്കളെ പരസ്യപ്രതികരണത്തില്‍ നിന്നും വിലക്കിയതോടെ ഇനിയൊരു പൊട്ടിത്തെറി ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഉപതിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി നഗരസഭാ അദ്ധ്യക്ഷയുടെ ഉള്‍പ്പെടെ വിമര്‍ശനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നേതൃത്വം നടത്തും.