KeralaNEWS

കെഎസ്ആര്‍ടിസി പമ്പ സര്‍വീസ്: ഡിപ്പോകളില്‍നിന്നു ബസുകള്‍ പിന്‍വലിക്കുന്നു; ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങുമെന്ന് ആശങ്ക

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പമ്പ സ്‌പെഷല്‍ സര്‍വീസിനായി ഡിപ്പോകളില്‍നിന്നു ബസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നു. പല ഡിപ്പോകളിലെയും ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയേക്കും. പമ്പനിലയ്ക്കല്‍ ചെയിന്‍, ദീര്‍ഘദൂര സര്‍വീസ് എന്നിവയ്ക്കായി 447 ബസാണ് വേണ്ടത്. ഇതില്‍ 200 എണ്ണം പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനും ബാക്കി ദീര്‍ഘദൂര ഓട്ടത്തിനുമാണ്.

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തില്‍ ഇറക്കിയിട്ട് വര്‍ഷങ്ങളായി. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ പലതും 15 വര്‍ഷം കഴിഞ്ഞവയാണ്. പുതിയ ബസ് ഇല്ലാത്തതിനാല്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ പിന്‍വലിച്ചാണ് പമ്പ സ്‌പെഷല്‍ സര്‍വീസിന് എത്തിക്കുന്നത്. ഇത് യാത്രാ ക്ലേശം ഇരട്ടിയാക്കും.ഇതിനു പുറമേ ചെങ്ങന്നൂര്‍, പത്തനംതിട്ട, എരുമേലി, കോട്ടയം, കൊട്ടാരക്കര, എറണാകുളം, തിരുവനന്തപുരം സെന്‍ട്രല്‍, കുമളി, കായംകുളം, അടൂര്‍, തൃശൂര്‍, പുനലൂര്‍, ഗുരുവായൂര്‍, ആര്യങ്കാവ് എന്നീ ഡിപ്പോകളില്‍ നിന്നാണ് ഇത്തവണ പമ്പ സ്‌പെഷല്‍ സര്‍വീസ് ഉള്ളത്.

Signature-ad

ഇതിനായി ചെങ്ങന്നൂര്‍ 70, പത്തനംതിട്ട 23, എരുമേലി 18, കോട്ടയം 40, എറണാകുളം 30, കൊട്ടാരക്കര 20, തിരുവനന്തപുരം സെന്‍ട്രല്‍ 8, കുമളി 17, കായംകുളം 2, അടൂര്‍ 2, തൃശൂര്‍ 2, പുനലൂര്‍ 10, ഗുരുവായൂര്‍ ഒന്ന്, ആര്യങ്കാവ് 2 എന്നീ ഡിപ്പോകള്‍ക്ക് ബസ് അനുവദിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡിപ്പോകളില്‍ നിന്നു ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ പിന്‍വലിച്ചാണ് ഈ ഡിപ്പോകള്‍ക്ക് നല്‍കിയത്. മല്ലപ്പള്ളി ഡിപ്പോയില്‍ ആകെ 7 ഫാസ്റ്റാണുള്ളത്. അതില്‍ 3 ബസ് പമ്പയ്ക്കായി എടുത്തു.

സ്‌പെയര്‍ ബസ് ഇല്ലാത്തതിനാല്‍ ശബരിമല തീര്‍ഥാടനം കഴിയും വരെ 3 ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ മുടങ്ങും. പത്തനംതിട്ട ഡിപ്പോയുടെ 5 ഫാസ്റ്റ് പമ്പ സ്‌പെഷല്‍ സര്‍വീസിനായി മാറ്റി. അതിനാല്‍ 5 ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ മുടങ്ങും. അടൂര്‍ ഡിപ്പോയുടെ ഒരു ഫാസ്റ്റും ഒരു സൂപ്പര്‍ ഫാസ്റ്റും റാന്നി ഡിപ്പോയിലെ 2 ഫാസ്റ്റ് ബസുകള്‍ കട്ടപ്പുറത്താണ്. അതിനാല്‍ റാന്നി എറണാകുളം, റാന്നി മുണ്ടക്കയം തിരുവനന്തപുരം എന്നീ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ ഇതുമൂലം മുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: