KeralaNEWS

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ വിലക്ക്. വ്യാഴാഴ്ച രാവിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് ഹാളിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. വരണാധികാരിയായ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് പോലീസ് പറയുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. നേരത്തെ, ഇത്തരം തടസ്സങ്ങളില്ലായിരുന്നു. പഞ്ചായത്തിനു പുറത്ത് വലിയ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. അതേസമയം, ജില്ലാ പഞ്ചായത്ത് അംഗമായ പി.പി. ദിവ്യ വോട്ടെടുപ്പിന് എത്തില്ല. ദിവ്യ സ്ഥലത്തെത്തിയാല്‍ പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തുമെന്ന് സൂചനകളുണ്ടായിരുന്നു.

Signature-ad

ദിവ്യ രാജിവച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നത്. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയില്‍ 17 അംഗങ്ങള്‍ എല്‍.ഡി.എഫും ഏഴ് അംഗങ്ങള്‍ യു.ഡി.എഫുമാണ്. ബാലറ്റ് വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം കളക്ടറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.കെ. രത്‌നകുമാരിയാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ എം. ജൂബിലി ചാക്കോ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: