KeralaNEWS

റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് സുധാകരന്‍; സിപിഎം-ബിജെപി സംഘനൃത്തമെന്ന് ഷാഫി

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. കള്ളപ്പണം മുറിയിലുണ്ടെന്ന പരാതി കിട്ടിയിട്ടാണ് അന്വേഷിക്കുന്നതെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. അല്ലാതെയുള്ള അന്വേഷണമാണെന്ന് പിന്നീട് പറഞ്ഞു. പൊലീസുകാരെ തോന്നിയപോലെ കയറൂരി വിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും.

റെയ്ഡ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകണം. അല്ലെങ്കില്‍ കോടതിയില്‍ പോകും. അന്തസ്സും അഭിമാനബോധവുമില്ലാത്ത തെമ്മാടിത്തമാണ് പൊലീസുകാര്‍ കാണിച്ചത്. ഹോട്ടലില്‍ റെയ്ഡ് നടക്കുമ്പോള്‍ പുറത്ത് സിപിഎമ്മുകാരും ബിജെപിക്കാരും മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവര്‍ക്ക് റെയ്ഡ് വിവരം നേരത്തേ ചോര്‍ന്നുകിട്ടി. അതു തന്നെ ആസൂത്രിതമാണെന്നും സുധാകരന്‍ പറഞ്ഞു.

Signature-ad

ഹോട്ടലില്‍ പണമെത്തിച്ച വിവരം പൊലീസിനു ലഭിച്ചത് എവിടെനിന്നാണെന്ന് ഷാഫി പറമ്പില്‍ എംപി ചോദിച്ചു. പാലക്കാട് കണ്ടത് സിപിഎംബിജെപി സംഘനൃത്തമാണ്. കേരളത്തിലെ പൊലീസ് കള്ളന്‍മാരേക്കാള്‍ മോശമായ രീതിയിലാണ് പെരുമാറിയത്. ജനങ്ങളോട് ഒന്നും പറയാനില്ലാത്തവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംശയനിഴലില്‍ നിര്‍ത്താന്‍ ശ്രമിച്ചു. അതില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടെന്നും ഷാഫി പറഞ്ഞു.

പൊലീസ് നടത്തിയ പാതിരാ റെയ്ഡ് നാടകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. തിരഞ്ഞെടുപ്പുകാലത്ത് പൊലീസ് പരിശോധനകള്‍ നടത്താറുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് മന്ത്രിമാരുടെ വാഹനവും പരിശോധിച്ചു. ഞങ്ങള്‍ പരാതി പറഞ്ഞില്ല. പരിശോധന സ്വാഭാവികമാണ്. സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. അവരാരും പ്രതിഷേധിച്ചില്ല. പരിശോധന ഇത്ര പുകിലായി മാറ്റേണ്ട കാര്യമെന്താണെന്നും രാജേഷ് ചോദിച്ചു.

വോട്ടര്‍മാരെ വിലയ്ക്കു വാങ്ങാന്‍ യുഡിഎഫ് വ്യാപക ശ്രമം നടത്തുകയാണെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍ പറഞ്ഞു. യുഡിഎഫ് പരാജയപ്പെടുമെന്ന് മനസ്സിലാക്കി ഏതു വിധേനയും ജയിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: