കൊടുമൺ ഐക്കാട് വാടകക്ക് വീടെടുത്ത് കഞ്ചാവ് വില്പന നടത്തിവന്ന 3 പേരെ പോലീസ് പിടികൂടി. പന്തളം മങ്ങാരം അരുൺ ഭവനിൽ എസ് അരുൺ (26 ), സഹോദരൻ അഖിൽ, പ്രമാടം പൂങ്കാവ് നെല്ലിനിൽക്കുന്നതിൽ എസ് സന്തോഷ് (45) എന്നിവരെയാണ് കൊടുമൺ പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത റെയ്ഡിൽ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാർ, അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ഐക്കാട് റെയിൽ പുരം ജോൺസന്റെ വീട്ടിൽ 6 മാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഈ മൂവർ സംഘം. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന പ്രതികളെ സാഹസികമായി പിടികൂടിയത്.
അരുൺ മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ സഹോദരനായ അഖിൽ പന്തളം പോലീസ് സ്‌റ്റേഷനിലെ രണ്ട് അടിപിടി കേസുകളിൽ പ്രതിയാണ്. കൊടുമൺ പൊലീസ് ഇൻസ്‌പെക്ടർ പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് ടീമും വീട് വളഞ്ഞു, ബലമായി വാതിൽ തുറന്ന് അകത്തുകയറി പ്രതികളെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് അഖിൽ കഞ്ചാവ് നശിപ്പിക്കാർ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചെടുത്തു.