മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കാണാതായ ഷിന്‍ഡെ ശിവസേന എംഎല്‍എ ശ്രീനിവാസ് വംഗ രണ്ടു ദിവസത്തിന് ശേഷം വീട്ടില്‍. പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ വംഗ അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.
‘എനിക്ക് വിശ്രമം ആവശ്യമാണ്, അതിനാല്‍ വീട്ടില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കുറച്ച് ദിവസത്തേക്ക് മാറിനില്‍ക്കാന്‍ തീരുമാനിച്ചു.’ വംഗ പറഞ്ഞു. എന്നാല്‍ രണ്ട് ദിവസമായി താന്‍ എവിടെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
അന്തരിച്ച ബിജെപി എം.പി ചിന്താമന്‍ വംഗയുടെ മകനാണ് ശ്രീനിവാസ് വംഗ. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാല്‍ഘറില്‍ (പട്ടികവര്‍ഗം) നിന്ന് അവിഭക്ത ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം വിജയിച്ചത്. പിളര്‍പ്പിന് പിന്നാലെ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തോടൊപ്പം ചേര്‍ന്നു. പാല്‍ഘര്‍ സീറ്റിലേക്ക് തന്നെ വീണ്ടും പരിഗണിക്കുമെന്ന് വംഗ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുന്‍ എംപി രാജേന്ദ്ര ഗാവിത്തിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. ഉദ്ധവ് താക്കറെയ്ക്കെതിരായ ‘കലാപത്തില്‍’ ഏതാനും എംഎല്‍എമാരെ ഷിന്‍ഡെ പക്ഷത്താക്കാന്‍ പ്രയത്‌നിച്ച നേതാവാണ് രാജേന്ദ്ര ഗാവിത്ത്.
തിങ്കളാഴ്ച, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, വംഗ തന്റെ അതൃപ്തി വ്യക്തമാക്കിയിരുന്നു. കൂറു പുലര്‍ത്തിയിട്ടും ഷിന്‍ഡെ വഞ്ചിച്ചതായി വംഗ പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ കൂട്ടുപിടിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ തെറ്റായിപ്പോയെന്നും ഉദ്ധവ് താക്കറെയോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത് തന്നെ. അതേസമയം ആഭ്യന്തര സര്‍വേഫലം പ്രതികൂലമായതിനാലാണ് സീറ്റ് നിഷേധിച്ചത് എന്നാണ് വംഗയോട് നേതാക്കള്‍ വ്യക്തമാക്കിയത്.