കോട്ടയം: പാലാ കടനാട് കാവുംകണ്ടത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കടനാട് കണങ്കൊമ്പില്‍ റോയി (60), ഭാര്യ ജാന്‍സി (55) എന്നിവരാണ് മരിച്ചത്. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.
സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ സാമ്പത്തികമായി നല്ല ചുറ്റുപാടുള്ള കുടുംബമായിരുന്നു ഇവരുടേതെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഏക മകന്‍ സ്‌കൂളില്‍ പോയ സമയത്തായിരുന്നു സംഭവം. ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദമ്പതികള്‍ക്ക് ജനിച്ച മകനായിരുന്നു ഇത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. 11.30 ന് തൊടുപുഴയില്‍ താമസിക്കുന്ന മൂത്ത സഹോദരന്‍ സെബാസ്റ്റ്യനെ റോയ് ഫോണ്‍ വിളിച്ചിരുന്നു. താന്‍ മരിക്കാന്‍ പോകുകയാണെന്ന് റോയി സഹോദരനോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് സഹോദരന്‍ റോയിയുടെ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ ചെന്ന് നോക്കുമ്പൊഴേക്ക് ഇരുവരും മരിച്ചിരുന്നു.
റോയിയെ തൂങ്ങിയ നിലയിലും, ജാന്‍സിയുടെ മൃതദേഹം നിലത്ത് കമഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. മീനച്ചില്‍ കാരിക്കൊമ്പില്‍ കുടുംബാംഗമാണ് ജാന്‍സി. പാലാ ഡിവൈ.എസ്.പി കെ. സദന്റെ നേതൃത്വത്തില്‍ പൊലീസും, സയന്റിഫിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലരയ്ക്ക് കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ നടക്കും.