KeralaNEWS

പിറക്കും മുമ്പേ പിളര്‍പ്പ്; അന്‍വറിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി പാര്‍ട്ടി വിട്ടു

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച മിന്‍ഹാജിനെ പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള ഡിഎംകെയുടെ ജില്ലാ സെക്രട്ടറി ബി.ഷമീര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. പാര്‍ട്ടി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം തന്നെ പി.വി അന്‍വറിന്റെ സംഘടനയായ ഡിഎംകെയില്‍ ഇതോടെ പിളര്‍പ്പുണ്ടായിരിക്കുകയാണ്. ഇടത് പക്ഷത്തിനും യുഡിഎഫിനുമൊപ്പം നില്‍ക്കാതെ സ്വതന്ത്രമായി നില്‍ക്കണം എന്ന നിലപാടുകൊണ്ടാണ് അന്‍വറിനൊപ്പം നിന്നതെന്നും എന്നാല്‍ സംഘടന, സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണെന്നും ബി.ഷമീര്‍ അറിയിച്ചു.

പാലക്കാട് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ബി.ഷമീര്‍ മാദ്ധ്യമങ്ങളോട് അറിയിച്ചു. അതേസമയം കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും ഷമീര്‍ പാര്‍ട്ടിയുടെ ആരുമല്ലെന്നും പി.വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. കഴിഞ്ഞദിവസം അന്‍വര്‍ ഡിഎംകെയുടെ ശക്തിപ്രകടനത്തിന് ആളെ കൊണ്ടുവന്നത് കൂലിക്ക് എത്തിച്ചതാണെന്ന പരിഹാസത്തിനും എംഎല്‍എ മറുപടി നല്‍കിയിരുന്നു. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ ) റാലിയില്‍ സിപിഎം ചിലരെ തിരുകി കയറ്റിയെന്നാണ് അന്‍വര്‍ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്.

Signature-ad

കൂലിക്ക് ആളെ ഇറക്കിയ സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നും ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ജീവകാരുണ്യ പ്രവര്‍ത്തകനായ മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഡിഎംകെ പിന്‍വലിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നും അന്‍വര്‍ അറിയിച്ചിരുന്നു. ഒരുപാധിയുമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നതായി അന്‍വര്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണയ്ക്കുന്നത്. രണ്ട് ദിവസം മുമ്പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: