CrimeNEWS

ഡല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ ഖലിസ്ഥാനികള്‍? എന്‍ഐഎ അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹി രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഖലിസ്ഥാന്‍ വാദികളെന്ന് സംശയം. ടെലഗ്രാമില്‍ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്‌ഫോടനത്തിന് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന നിഗമനത്തിലേക്കു പൊലീസ് കടന്നിരിക്കുന്നത്. ഞായറാഴ്ച രാവിലെ 7.30ന് ഉണ്ടായ സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല. സ്‌കൂളിനും സമീപത്തെ ഏതാനും കടകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി.

ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന ടെലഗ്രാം പോസ്റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റില്‍, സ്‌ഫോടനത്തിന്റെ ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടിന് താഴെ ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്നും കുറിച്ചിരുന്നു. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ, ”ഭീരുക്കളായ ഇന്ത്യന്‍ ഏജന്‍സിയും അവരുടെ യജമാനനും ചേര്‍ന്ന് ഗുണ്ടകളെ വാടകയ്ക്കെടുത്ത് നമ്മുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വയ്ക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങള്‍ എത്രത്തോളം അടുത്താണെന്നും എപ്പോള്‍ വേണമെങ്കിലും തിരിച്ചടിയ്ക്കാന്‍ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.” പോസ്റ്റില്‍ പറയുന്നു.

Signature-ad

ഖലിസ്ഥാന്‍ അനുകൂല ഭീകരവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവിനെ മുന്‍ റോ ഏജന്റ് വികാഷ് യാദവ് വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ വികാഷ് യാദവിനെതിരെ യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണോ സ്‌ഫോടനമെന്നും ഡല്‍ഹി പൊലീസ് അന്വേഷിക്കുന്നുണ്ട്.

റിമോട്ടോ ടൈമറോ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധ്യതയുള്ള ഐഇഡി ബോംബാണ് പൊട്ടിത്തെറിച്ചതെന് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് ബോംബ് സ്ഥാപിച്ചതെന്നാണ് സൂചന. ആളപായം സംഭവിക്കാതിരിക്കാനാണ് ഇത്തരം സ്ഥലം തിരഞ്ഞെടുത്തതെന്നും, മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് സ്‌ഫോടനം നടത്തിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം സ്‌ഫോടനത്തെപ്പറ്റി എന്‍ഐഎയും അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Back to top button
error: