കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ (പി.എഫ്.ഐ) 56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഇതില്‍ അധികവും കേരളത്തിലേതാണ്. ബാങ്ക്, ഹവാല, സംഭാവന വഴി ഫണ്ട് സമാഹരണം നടത്തുകയും ഈ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പി.എഫ്.ഐ ഉപയോഗിച്ചെന്നും ഇ.ഡി പറയുന്നു.
ഇത്തരത്തില്‍ ശേഖരിച്ച തുക കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, ജമ്മു കാശ്മീര്‍, മണിപ്പുര്‍ എന്നിവിടങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. സിംഗപ്പൂരിലും മറ്റും പോപ്പുലര്‍ ഫ്രണ്ടിന് 13,000 സജീവ അംഗങ്ങളുണ്ടെന്നും മഞ്ചേരിയിലുള്ള പി.എഫ്.ഐയുടെ സത്യസരണി കേന്ദ്രം ഇസ്ലാമിക മതപരിവര്‍ത്തനത്തിനുള്ള ഇടമാണെന്നും ഇ.ഡി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 സെപ്തംബറിലാണ് പി.എഫ്.ഐയെ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. 5 കോടി രൂപ നേരത്തെ കണ്ടുകെട്ടിയിരുന്നു.