Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

‘പോയി തോറ്റ് തുന്നംപാടി വരൂ, ഹസന്‍ നവാസിനെ കൈയില്‍ വച്ചിട്ടാണ് ബാബറിനെ എടുക്കുന്നത്’; ടി20 ടീം പ്രഖ്യാപനത്തിനു പിന്നാലെ ട്രോളുമായി പാക് ക്രിക്കറ്റ് ആരാധകര്‍

ഇസ്ലാമാബാദ്: ബഹിഷ്‌കരണ ഭീഷണികള്‍ക്ക് നടുവിലും ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പിസിബിക്കെതിരെ വന്‍ പ്രതിഷേധവുമായി പാക് ആരാധകര്‍. ബാബര്‍ അസമിനെ പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയതിലാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ ദയനീയ പ്രകടനമാണ് അസം നടത്തിയത്. ‘ഒരു കളി പോലും ജയിക്കാതെ നാണം കെട്ട് തിരിച്ച് വരാന്‍ ഇപ്പോഴേ തീരുമാനിച്ചുറപ്പിച്ചത് പോലെ’യുണ്ട് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ‘ഹസന്‍ നവാസിനെ പോലെ ഒരു പ്രതിഭയെ കയ്യില്‍ വച്ചിട്ടാണ് ബാബര്‍ അസമിനെ ടീമില്‍ തിരുകിക്കയറ്റി’യതെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.

‘ബാബര്‍ അസമാണ് ഏറ്റവും ഭാഗ്യമുള്ള ക്രിക്കറ്റ്താരം. 90 ലെ ബാറ്റിങ് ശൈലിയും വച്ച് ഈ 2026ലും അദ്ദേഹം ലോകകപ്പ് കളിക്കാനുണ്ട്’ എന്നായിരുന്നു മറ്റൊരാള്‍ എക്‌സില്‍ കുറിച്ചത്. ലോകകപ്പല്ല ബഹിഷ്‌കരിക്കേണ്ടത്, ഈ ബാറ്റിങ് നിരയെയാണ് എന്നാണ് മറ്റൊരു കമന്റ്. ‘ഹസന്‍ നവാസില്ല, പക്ഷേ ഇടം പിടിച്ചതാരൊക്കെയാണെന്ന് നോക്കൂ, ഉസ്മാന്‍ ഖ്വാജ, ഫഖര്‍, സല്‍മാന്‍ അലി ആഗ, ബാബര്‍ അസം..! ഷോയബും ഷഹീനും അബ്രാറുമൊന്നുമില്ലാതെ എങ്ങനെ ജയിക്കുമെന്നാണ്. ബാബര്‍ അസമാണ് പാക്കിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിക്കറ്ററെന്നാണ് എനിക്ക് തോന്നുന്നത്, ഇത് തുടര്‍ച്ചയായ ഏഴാമത്തെ ടൂര്‍ണമെന്റാണ് അസമിന്റേത്’- എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

Signature-ad

ആറ് ഓപ്പണര്‍മാരും മൂന്ന് ഓള്‍റൗണ്ടര്‍മാരുമാണ് ടീമിലുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ട്വന്റി 20 സ്‌പെഷലിസ്റ്റുകളായ സുഫിയാന്‍ മുഖ്വീം, വസീം, മുഹമ്മദ് നവാസ്, അബ്ബാസ് അഫ്രീദി എന്നിവരില്ലെന്നും ഹാരിസ് റൗഫെങ്കിലും വേണമായിരുന്നുവെന്നും മറ്റൊരാള്‍ കുറിച്ചു. ഈ ടീമുമായി പോയി എങ്ങനെ ഒരു കളിയെങ്കിലും ജയിക്കുമെന്ന നിരാശയും പാക് ആരാധകര്‍ പങ്കുവയ്ക്കുന്നു.

ട്വന്റി 20 ലോകകപ്പിന് മുന്‍പായി ഓസ്‌ട്രേലിയയുമായി മൂന്ന് മല്‍സരങ്ങളുടെ പരമ്പര പാക്കിസ്ഥാന്‍ കളിക്കും. വ്യാഴാഴ്ച ലഹോരിലെ ഗദ്ദാഫി സ്റ്റേഡിയതതിലാണ് ആദ്യ മല്‍സരം. ശ്രീലങ്കയ്‌ക്കെതിരായാണ് അവസാനമായി പാക് ടീം ട്വന്റി 20 കളിച്ചത്. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തെ കളിയില്‍ ആറുവിക്കറ്റ് ജയം പാക്കിസ്ഥാന്‍ നേടി. രണ്ടാം മല്‍സരം മഴമൂലം ഉപേക്ഷിച്ചു. മൂന്നാമത്തേത് ശ്രീലങ്കയും ജയിച്ചു. ഇതോടെ പരമ്പര 11 സമനിലയിലായി.

ലോകകപ്പിനുള്ള പാക് ടീം ഇങ്ങനെ: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹ്‌മദ്, ബാബര്‍ അസം, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഖ്വാജ മുഹമ്മദ് നാഫി, മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, ഷാഹിബ്‌സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍),സയിം അയൂബ്, ഷഹീന്‍ ഷാ അഫ്രീദി, ഷദബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരിഖ്. ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാട് മാനിച്ച് ശ്രീലങ്കയില്‍ വച്ചാണ് പാക്കിസ്ഥാന്റെ മല്‍സരങ്ങളെല്ലാം നടത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: