KeralaNEWS

”ദിവ്യയുടെ ഭര്‍ത്താവ് ശശിയുടെ ബിനാമി; നവീന്‍ബാബു താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥന്‍”

പാലക്കാട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് ബിനാമി പേരില്‍ നിരവധി സ്ഥലങ്ങളില്‍ പെട്രോള്‍ പമ്പുകളുണ്ടെന്ന ആരോപണവുമായി പി.വി.അന്‍വര്‍ എംഎല്‍എ. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ഭര്‍ത്താവ് ശശിയുടെ ബിനാമിയാണ്. പി.ശശിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു അന്തരിച്ച എഡിഎം നവീന്‍ബാബുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പി.പി.ദിവ്യ, നവീന്‍ബാബുവിന്റെ യാത്രയപ്പ് യോഗത്തില്‍വന്ന് വെറുതെ വിമര്‍ശിച്ചതല്ലെന്ന് അന്‍വര്‍ പറഞ്ഞു. ശശിക്ക് പെട്രോള്‍ പമ്പുകളില്‍ നിക്ഷേപമുണ്ട്. എഡിഎം സത്യസന്ധനായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. അദ്ദേഹം കൈക്കൂലിക്ക് വശംവദനായിട്ടില്ല. ശശിയുടെ അമിതമായ ഇടപെടല്‍ പലഘട്ടത്തിലും അദ്ദേഹം എതിര്‍ത്തു. പി.ശശിയുെട താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത ഓഫീസറായിരുന്നു അദ്ദേഹം. നവീന്‍ബാബുവിന്റെ അഭ്യര്‍ഥന പ്രകാരമാണ് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കൊടുത്തത്. കണ്ണൂരിലെ ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മാനസികാവസ്ഥ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് സ്ഥലംമാറ്റം വാങ്ങിയത്. ഈ ഘട്ടത്തിലാണ് നവീന് ഒരു പണികൊടുക്കാമെന്ന് ശശി തീരുമാനിച്ചത്. കൈക്കൂലിക്കാരനാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് ആരോപണം ഉന്നയിച്ചത്. ജില്ലാ പ്രസിഡന്റിനെ ഇതിനായി ഉപയോഗിച്ചതായും അന്‍വര്‍ ആരോപിച്ചു.

Signature-ad

എഡിഎമ്മിന്റെ ആത്മഹത്യയ്ക്കു പിന്നിലെ കൃത്യമായ കാര്യങ്ങള്‍ അന്വേഷിക്കുന്നില്ല. പമ്പുടമയില്‍നിന്ന് നേരത്തെ പരാതി കിട്ടിയതായി കാണിച്ച് കള്ള രജിസ്റ്റര്‍ ഉണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നു. ഒരു പൊളിക്കല്‍ സെക്രട്ടറിയെ നാടിന്റെ ഗുണ്ടാതലവനായി വളര്‍ത്തുകയാണ്. പാര്‍ട്ടിക്കും സര്‍ക്കാരിനുമാണ് ഇതിന്റെ ഉത്തരവാദിത്തം. എഡിജിപി: അജിത്കുമാറിന്റെ അതേവിഭാഗത്തില്‍പ്പെടുന്നയാളാണ് ശശി. എഡിഎമ്മിന്റെ ആത്മഹത്യ പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. ജുഡീഷ്യല്‍ അന്വേഷണം നടത്തണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാന്‍ ആഗ്രഹമുണ്ട്. പാര്‍ട്ടിക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

Back to top button
error: